bishop

പോഡ്ഗോറിക്ക : കൊവിഡ് പ്രോട്ടോക്കോളുകൾ യാതൊന്നും പാലിക്കാതെ ജനക്കൂട്ടം കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിഷപ്പിന്റെ അന്ത്യശുശ്രൂഷയിൽ പങ്കെടുത്തു. മോണ്ടെനെഗ്രോയിൽ അന്തരിച്ച ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചിന്റെ അന്ത്യകർമ്മങ്ങളിലാക്ക് തിക്കിതിരക്കി പങ്കെടുത്തത്. ഇതു സംബന്ധിച്ച ഫോട്ടോകളുൾപ്പടെയുള്ള റിപ്പോർട്ട് ദിനപത്രമായ വിജെസ്റ്റി പുറത്ത് വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഷപ്പ് അന്തരിച്ചത്. ഇതേ തുടർന്ന് ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ അന്ത്യശുശ്രൂഷ ചടങ്ങിലടക്കം പങ്കെടുക്കാവൂ എന്ന് അധികാരികൾ ആവശ്യപ്പെട്ടിരുന്നു. ഭൗതികദേഹമടങ്ങിയ പെട്ടി അടച്ച് വയ്ക്കണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സെർബിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ അദ്ദേഹത്തിന്റെ അന്ത്യശുശ്രൂഷ തുടങ്ങവേ വിശ്വാസികൾ കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും ഒഴിവാക്കുകയായിരുന്നു. അവർ അകലം പാലിക്കാതെ വരിവരിയായെത്തി ബിഷപ്പിന്റെ കരങ്ങളിൽ മുത്തം വയ്ക്കുകയും മൂർദ്ധാവിൽ അന്ത്യ ചുംബനം നൽകുകയും ചെയ്തു.

ഈ നൂറ്റാണ്ടിലെ നമ്മിൽ ഏറ്റവും മഹാനായ ഒരാളാണ് അന്തരിച്ച ബിഷപ്പെന്നാണ് മോണ്ടെനെഗ്രോയുടെ നിയുക്ത പ്രധാനമന്ത്രിയായ സിഡ്രാവ്‌കോ ക്രിവോകാപിക് വിശേഷിപ്പിച്ചത്. മോണ്ടെനെഗ്രിൻ കൊവിഡ് തീവ്രവ്യാപനത്തിലാണ്. ചെറു രാജ്യമായ ഇവിടെ ഇതുവരെ 18,342 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ഇതിൽ 301 പേർ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം മാത്രം 275 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.