vienna

വിയന്ന: ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ആറ് കഫേകളിലും റസ്റ്റോറന്റുകളിലും തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.

15 പേർക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടു മുമ്പാണ് ഭീകരാക്രമണമുണ്ടായത്. കഫേകളിലും റെസ്റ്റോറന്റുകളിലും ഉണ്ടായിരുന്ന ജനങ്ങൾക്ക് നേരെ തോക്കുധാരികൾ വെടിവയ്ക്കുകയായിരുന്നു.

'അതിക്രൂരമായ ഭീകരാക്രമണമെന്ന്" ആസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് അപലപിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായിയാണ് കൊല്ലപ്പെട്ട ഭീകരനെന്ന് ആസ്ട്രിയയിലെ മന്ത്രി കാൾ നൊഹമ്മാർ സ്ഥിരീകരിച്ചു. സിറ്റിയുടെ ഹൃദയഭാഗമായ സിനഗോഗിന് സമീപവും ആക്രമണമുണ്ടായി. ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ആഹാരം കഴിച്ച് മടങ്ങാമെന്ന് കരുതി റെസ്റ്റോറന്റിൽ എത്തിയവരായിരുന്നു ഏറെയും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.

'ഫ്രാൻസിന് പിന്നാലെ ഭീകരാക്രമണം നടന്ന മറ്റൊരു സുഹൃത് രാജ്യമാണിത്. ഇതാണ് നമ്മുടെ യൂറോപ്പ്, ഒരിക്കലും നമ്മൾ ഭീകരർക്ക് നമ്മൾ വഴങ്ങിക്കൊടുക്കില്ലെന്ന് ''ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഫ്രാൻസിലും ഭീകരാക്രമണം നടന്നിരുന്നു.

നഗരമദ്ധ്യത്തിലെ സജീവമായ തെരുവുകളിൽ രാത്രി എട്ടിന് ശേഷം അജ്ഞാതനായ വ്യക്തി കൂസലില്ലാതെ നടന്ന് കൊണ്ട് ആളുകൾക്ക് നേരെ വെടി വയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത ഉറപ്പില്ല.