kodiyeri-balakrishnan

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തും. ഇതിനായി എട്ടംഗ എൻഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. എൻഫോഴ്‌സ്‌മെന്റിനൊപ്പം കസ്‌റ്റംസ്, ഇൻകംടാക്‌സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായേക്കാമെന്നാണ് സൂചന.

തിരുവനന്തപുരത്ത് മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള വീട്ടിലാണ് അന്വേഷണ സംഘം എത്തുക. കോടിയേരിയുടെ വീടിന് പുറമെ, ബിനീഷിന്റെ ചില സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയേക്കും.

ബിനീഷുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ്, യു എ എഫ് എക്സ് സൊല്യൂഷൻസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്, കെ കെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് ഇ.ഡി പുതുതായി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2008 മുതൽ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവിൽ കളളപ്പണം വെളുപ്പിച്ചോയെന്ന് സംശയമുണ്ടെന്നും എൻഫോഴ്സ്‌മെന്റ് പറയുന്നു. ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും.

സ്വർണക്കടത്ത് കേസ് പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എൻഫോഴ്സ്‌മെന്റ് പറയുന്നത്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നും എൻഫോഴ്സ്‌മെന്റ് വ്യക്തമാക്കുന്നു.

അതേസമയം, ബിനീഷിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയെന്ന് സഹോദരൻ ബിനോയ് കോടിയേരി അറിയിച്ചു. കോടതി ഉത്തരവോടെ ഇന്ന് അഭിഭാഷകർ എൻഫോഴ്സ്‌മെന്റ് ഓഫീസിലെത്തി ബിനീഷിനെ കാണാൻ ശ്രമിച്ചെങ്കിലും, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരാൻ ഇ.ഡി ആവശ്യപ്പെടുകയായിരുന്നു.