amsterdam

ആംസ്‌റ്റർഡാം : പാലത്തിൽ നിന്നും കുതിച്ചു ചാടി നിൽക്കുന്ന ഒരു മെട്രോ ട്രെയിൻ. അതിനെ താങ്ങി നിറുത്തിയിരിക്കുന്ന കൂറ്റൻ തിമിംഗലത്തിന്റെ വാലിന്റെ ആകൃതിയിലുള്ള പ്രതിമ. കണ്ടിട്ട് ആർട്ട് വർക് വല്ലതുമാകും എന്നു കരുതിയെങ്കിൽ തെറ്റി.

റോട്ടർഡാമിലാണിത്. പാളത്തിൽ നിന്നും നിയന്ത്രണം തെറ്റിയ മെട്രോ ട്രെയിൻ പാളത്തിന്റെ അറ്റത്തുണ്ടായിരുന്ന തിമിംഗല പ്രതിമയുടെ വാലിൽ തട്ടി പത്ത് മീറ്ററോളം താഴേക്ക് പതിക്കാതെ അത്ഭുതകരമായി നില്ക്കുകയായിരുന്നു. ട്രെയിനിൽ യാത്രക്കാർ ആരുമില്ലായിരുന്നതും വൻ അപകടം ഒഴിവാകാൻ കാരണമായി.

ട്രെയിനിന്റെ ഭാരം താങ്ങാൻ തിമിംഗലപ്രതിമയ്ക്ക് കഴിഞ്ഞത് ഭാഗ്യമായെന്ന് ആർകിടെക്ടായ മാർടെൻ സ്ട്രുയിസ് പറ‌ഞ്ഞു. ട്രെയിനിനേയും താങ്ങി നിൽക്കുന്ന തിമിംഗല വാൽ കാഴ്ചയിൽ കൊള്ളാമെന്നും അതുകൊണ്ട് ട്രെയിൻ മാറ്റേണ്ട എന്നുമൊക്കെയാണ് ചിലർ പറയുന്നത്. എന്നാൽ അത് അപകടം സൃഷ്ടിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയ അധികൃതർ ട്രെയിനിനെ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള ശ്രമങ്ങളിലാണ്.

ഇനി മറ്റൊരു കാര്യം കൂടി കേൾക്കോണോ? ഈ പാലത്തിന്റെ യഥാർത്ഥ പേര് ' സേവ്ഡ് ബൈ എ വെയ്‌ൽസ് ടെയ്‌ൽ ' എന്നാണ്. അതായത് തിമിംഗലത്തിന്റെ വാലിനാൽ സംരക്ഷിക്കപ്പെട്ടതെന്ന് അർത്ഥം. പേരിട്ടപ്പോൾ ആരും ഓർത്ത് കാണില്ല, തിമിംഗലത്തിന്റെ വാൽ ഭാവിയിൽ ശരിക്കും രക്ഷകനാകുമെന്ന്.!