ടെക്സാസ്: മഹാമാരിയായി കൊവിഡ് 19 ലോകത്താകമാനം പടർന്നു പിടിച്ചത് വൈറസിനു സംഭവിച്ച ജനിതകമാറ്റം കാരണമെന്ന് പഠന റിപ്പോർട്ട്. ഹൂസ്റ്റണിലെ ഗവേഷക സംഘം നടത്തിയ പഠന റിപ്പോർട്ട് 'എം ബയോ" എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് പുറംലോകമറിഞ്ഞത്. കൊവിഡ് വൈറസിന്റെ പുറം പാളിയിലുള്ള 'സ്പൈക്ക് പ്രോട്ടീനു"കളിൽ സംഭവിച്ച ജനിതക മാറ്റമാണ് രോഗം ഇത്രയും പെട്ടന്ന് പടർന്നു പിടിക്കാൻ കാരണം. കൂടുതൽ ക്ളസ്റ്ററുകൾ രൂപപ്പെടാനും ഇതു തന്നെയാണ് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വൈറസിനെ ശരീരത്തിനുള്ളിൽ കടക്കാൻ സഹായിക്കുന്നതാണ് സ്പൈക്ക് പ്രോട്ടീനുകൾ. അവ എളുപ്പത്തിൽ ഉള്ളിലെത്താൻ കഴിയും വിധം ജനിതകമാറ്റം സംഭവിച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് 19 രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മുതൽ വൈറസിന്റെ ജനിതക സവിശേഷതകളെക്കുറിച്ചും പഠനം ആരംഭിച്ചിരുന്നു. ജനിതകമാറ്റങ്ങളെ കുറിച്ചുള്ള തുടർ പഠനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്. പുതിയ ജനിതക മാറ്റം കുറച്ചു വൈറസുകളിൽ മാത്രമേ കണ്ടെത്തിയുള്ളൂ എന്നതാണ് പോസിറ്റീവായ കാര്യം.