pm-modi

സഹസ്ര: ബീഹാര്‍ തെരഞ്ഞെടുപ്പിലൂടെ ചിലര്‍ക്ക് ഉചിതമായ ഉത്തരം നല്‍കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ സഹസ്രയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


'ചില ആളുകള്‍ക്ക് 'ഭാരത് മാതാ കി ജയ്' അല്ലെങ്കില്‍ 'ജയ് ശ്രീം റാം' ഉച്ചരിക്കാന്‍ താത്പര്യമില്ല. അത്തരം ആളുകളാണ് ഇപ്പോള്‍ വോട്ട് ചോദിക്കാന്‍ ബീഹാറില്‍ എത്തിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ അവര്‍ക്ക് ഉചിതമായ ഉത്തരം നല്‍കേണ്ടതുണ്ട്', പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് കൃത്യമായി ബോധ്യപ്പെടുത്തിയവരാണ് ബീഹാര്‍ ജനതയെന്ന് മോദി പറഞ്ഞു. മഹാമാരി വേളയിലും നല്ല ജനാധിപത്യത്തിന്റെ മുഖ്യലക്ഷണമായ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബീഹാര്‍ ജനത സജ്ജമായിയെന്നത് പ്രശംസനീയമാണെന്നും അരാരിയ ജില്ല ഫോബ്സ്സ് ഗഞ്ചിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.


'ബീഹാര്‍ ജനതയുടെ വോട്ട് രാജ്യത്തിന്റെയും ഒപ്പം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് മാത്രമല്ല, ലോക ജനാധിപത്യത്തിനുള്ള മഹത്തായ സന്ദേശം കൂടിയാണ് ഈ മഹാമാരി വേളയിലെ നിയന്ത്രണങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ട് ബീഹാര്‍ ജനത നല്‍കിയത്', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.