ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50 ലധികം അൽ ക്വായിദ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാലി ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്കടുത്തുള്ള പ്രദേശത്ത് വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. കഴിഞ്ഞയാഴ്ച ഫ്രാൻസിൽ നടന്ന ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണിത്.
'ഒക്ടോബർ 30ന് മാലിയിൽ ബാർഖ്വെയിൻ സേന 50 ലധികം ജിഹാദികളെ വധിച്ചു. അവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുത്തു.'- ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി പറഞ്ഞു. അൽ ക്വായിദയുമായി ബന്ധപ്പെട്ട അൻസാറുൽ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണ് വധിച്ചത്. നാലു ഭീകരരെയും പിടികൂടി. ഇസ്ലാമിക ഭീകര ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാൻ 2014ൽ ഫ്രഞ്ച് സർക്കാർ രൂപീകരിച്ച സേനയാണ് ബാർഖ്വെയിൻ സേന.
ഫ്രാൻസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ പ്രദേശത്ത് ബൈക്കുകളിൽ ഭീകരർ ആക്രമണത്തിനൊരുങ്ങുന്നതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനായി ഭീകരർ മരങ്ങൾക്കിടയിലേക്ക് ഒളിച്ചപ്പോഴാണ് സൈന്യം മിസൈൽ വിക്ഷേപിച്ചതെന്നും പാർലി പറഞ്ഞു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഗ്രേറ്റർ സഹാറയിൽ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഓപ്പറേഷനും നടക്കുന്നുണ്ടെന്നും ഇതിനായി 3,000 സൈനികരെ അണിനിരത്തിയെന്നും ഫ്രഞ്ച് സൈനിക വക്താവ് ഫ്രെഡറിക് ബാർബ്രി പറഞ്ഞു.
കഴിഞ്ഞയാഴ്ച ഫ്രാൻസിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർ മരിച്ചിരുന്നു. തെക്കൻ ഫ്രാൻസിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.