ഇന്ന് വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് മിക്ക മനുഷ്യരും ജീവിക്കുന്നത് എന്നുപറയാം.ഇൻഫർമേഷൻ വിപ്ലവത്തിന്റെയും അങ്ങനെ ഇന്റർനെറ്റിന്റെയും സ്വാധീനത്തിൽ പെട്ടാണ് ബഹുഭൂരിപക്ഷം മനുഷ്യരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വിശാലവും വിപുലവുമായ ലോകം നമ്മുടെ വിരൽത്തുമ്പിലാക്കിത്തരുകയാണ് സ്മാർട്ട്ഫോൺ.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതിയതലങ്ങളിലൂടെ സഞ്ചരിക്കാനും യാഥാർത്ഥ്യങ്ങൾക്ക് പുതിയ രൂപഭാവങ്ങൾ നൽകാനും ഈ സമൂഹമാദ്ധ്യമങ്ങൾ സഹായിക്കുന്നുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്തവർപോലും ഗാഢസൗഹൃദത്തിൽ ഏർപ്പെടുന്നു എന്ന് അത്ഭുതകരമായ കാര്യവും നാം കാണുന്നു. അയഥാർത്ഥ ലോകത്തിൽ നിന്നും അനുഭൂതിയുടെയും അർത്ഥപൂർണിമയുടെയും ഒരു ലോകം സൃഷ്ടിച്ചെടുക്കാൻ നമുക്കു കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ആശയവിനിമയത്തിനുള്ള വിശാലമായ ഈ കാൻവാസ് വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നതിന് പകരം ദുരുപയോഗപ്പെടുത്തുകയാണ് പലരും ചെയ്യുന്നത്. വ്യക്തികളെയോ സ്ഥാപനങ്ങളെയോ പ്രസ്ഥാനങ്ങളെയോ എതിർക്കുന്നവർക്ക് ഏറ്റവും സുഗമമായ മാദ്ധ്യമമായി ഇതു മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സർക്കാർ, സോഷ്യൽ മീഡിയ ഉള്ളടക്കത്തിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതും.
എന്നാൽ ഈ മാദ്ധ്യമത്തിന്റെ അനന്തവും ക്രിയാത്മകവുമായ സാദ്ധ്യത ഉപയോഗപ്പെടുത്തുന്നവർ കുറവാണ്. ഉദാഹരണത്തിന് മിക്കവരുടെയും സ്മാർട്ട് ഫോണിൽ രാവിലെ എത്രയേറെ ഗുഡ്മോർണിംഗ് സന്ദേശങ്ങളാണ് വരുന്നത്. രാത്രിയിൽ ഗുഡ് നൈറ്റ് സന്ദേശങ്ങളുടെ പെരുമഴ ആയിരിക്കും. അതുകൂടാതെ ഓരോ വിശേഷനിമിഷങ്ങളിലും ദിനങ്ങളിലും ഇത്തരം സന്ദേശങ്ങൾ വന്നുകൊണ്ടേയിരിക്കും.
അതിഗഹനവും അതിമനോഹരവുമായ ജീവിതമൂല്യങ്ങൾ അനാവരണം ചെയ്യുന്ന ഈ സന്ദേശങ്ങൾ ആരെങ്കിലും കാര്യമായി ശ്രദ്ധിക്കാറുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ജീവിതവിജയത്തിനുതകുന്ന മഹദ്സന്ദേശങ്ങളായിരിക്കും മിക്കപ്പോവും ഇത്തരം സ്മാർട്ട് ഫോൺ മെസേജുകൾ. പ്രചോദനകലയിൽ പ്രാവീണ്യം നേടിയ മഹാന്മാരുടെ വാക്കുകളായിരിക്കും പലപ്പോഴും സന്ദേശങ്ങളായി എത്തുക.
എന്നാൽ, തനിക്ക് അന്നുരാവിലെ കിട്ടിയ സുപ്രഭാതസന്ദേശത്തിലെ ആശയം എന്തായിരുന്നു എന്നും അതുപ്രയോഗത്തിൽ വരുത്താൻ എന്താണ് മാർഗമെന്നും ചിന്തിക്കുന്ന എത്രപേരുണ്ട്? ആശയത്തെക്കുറിച്ചു ചിന്തിക്കുന്നതോ പോകട്ടെ, അതുവായിച്ചു നോക്കുന്നവർ തന്നെ വിരളമാണ്. യാന്ത്രികമായി കണ്ട് അവഗണിക്കുന്നു. തിരികെ മറ്റൊരു സന്ദേശം ഫോർവേഡ് ചെയ്യുന്നു. അതാരുടെയും കുറ്റമല്ല. ജീവിതം അത്രമേൽ നിസംഗമായിരിക്കുന്നു എന്നർത്ഥം. എല്ലാം വെറും ഔപചാരികതകൾ മാത്രം.
അതിഗഹനവും അതിസുന്ദരവുമായ സന്ദേശങ്ങളാണ് നമുക്ക് ഫോർവേഡ് ചെയ്തു കിട്ടുന്നത്. നല്ലൊരു ദിവസം തുടങ്ങാൻ ആവശ്യമായ ഉള്ളടക്കം മിക്ക സന്ദേശങ്ങളിലും കാണും. പക്ഷേ അതുകണ്ട് കളയുക എന്നതുമാത്രമായിരിക്കുന്നു നമ്മുടെ ശീലം. ഒരുപക്ഷേ അന്നന്നു കിട്ടുന്ന സന്ദേശങ്ങൾ വിലയിരുത്താനും അതിന്റെ നല്ലവശങ്ങൾ അനുവർത്തിക്കാനും നാം ശ്രമിച്ചിരുന്നെങ്കിൽ നമ്മുടെ ജീവിതം എത്രമാത്രം മാറിയേനേ!
ഒരുദാഹരണം പറയാം. ഇന്നുരാവിലെ എനിക്കുവന്ന ഒരു സുപ്രഭാത സന്ദേശം ഇങ്ങനെയാണ്. '' എത്രനന്നായി വണ്ടി വലിച്ചാലും കുതിരയ്ക്ക് ചാട്ടവാറാടികിട്ടും. അതുപോലെ എത്ര നന്നായി ജീവിച്ചാലും വിമർശനങ്ങൾ നേരിടേണ്ടിവന്നേക്കാം. ഗുഡ് മോർണിംഗ്."
നോക്കൂ! എത്രമാത്രം അർത്ഥസമ്പുഷ്ടമായ സന്ദേശമാണത്. ജീവിതത്തിൽ ചെയ്യാത്ത തെറ്റിന് പഴി കേൾക്കുന്നവർക്കും അകാരണമായി വിമർശിക്കപ്പെടുന്നവർക്കും ഊർജ്ജം പകരുന്ന വാക്കുകളാണവ. ജീവിതത്തിന്റെ നിഷ്ഠൂരതകളെക്കുറിച്ചോർത്ത് വെറുതെ ദുഃഖിക്കുന്നതിൽ അർത്ഥമില്ലെന്നും എല്ലാ ജീവജാലങ്ങളും ഇത്തരം ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഓർമ്മിപ്പിക്കുമ്പോൾ അത് നമുക്ക് ആശ്വാസം നൽകുന്നു. വീട്ടിലും കൂട്ടുകാർക്കിടയിലും ഓഫീസിലുമൊക്കെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നവർക്ക് സ്വയം ആശ്വസിക്കാനും കൂടുതൽ കർമ്മോന്മുഖരാവാനുമുള്ള ഒരു പ്രേരണയാണ് ആ സന്ദേശം. പക്ഷേ ആ സന്ദേശത്തിന്റെ ആഴത്തിലേക്ക് പോയി ചിന്തിക്കുവാൻ ആരും മെനക്കെടാറില്ല എന്നതാണ് സത്യം.
ആൽബർട്ട് ഐൻസ്റ്റീന്റെ പ്രശസ്തമായ വാക്കുകൾ മറ്റൊരാൾ എനിക്ക് സന്ദേശമായി അയച്ചിരുന്നു. അത് ഇങ്ങനെയാണ്: വസ്തുതകൾ പഠിപ്പിക്കുന്നതല്ല വിദ്യാഭ്യാസം, മറിച്ച് എങ്ങനെ ചിന്തിക്കണമെന്നു പരിശീലിപ്പിക്കുന്നതാണ് വിദ്യാഭ്യാസം.
എത്രശരിയാണ് അദ്ദേഹത്തിന്റെ വാക്കുകൾ! പ്രത്യേകിച്ച് വിരൽത്തുമ്പിൽ എല്ലാവിവരങ്ങളും ലഭ്യമായ ഇക്കാലത്ത് വിവരശേഖരണവും കാണാതെ പഠിക്കലുമല്ല വിദ്യാഭ്യാസം എന്ന് നമുക്ക് മനസിലായിട്ടുണ്ട്. എങ്ങനെ ചിന്തിക്കണം, എങ്ങനെ അപഗ്രഥിക്കണം എങ്ങനെ വിലയിരുത്തണം തുടങ്ങിയുള്ള വിവേകമാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത് എന്ന് കാലങ്ങൾക്ക് മുമ്പേ ഐൻസ്റ്റീൻ തിരിച്ചറിഞ്ഞിരുന്നു. ഈ സന്ദേശം വായിക്കുമ്പോൾ നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ പാളിച്ചകളെക്കുറിച്ച് ചിന്തിക്കാൻ പ്രചോദനമുണ്ടാകുന്നു.
ആശയവിനിമയത്തെക്കുറിച്ചും പെരുമാറ്റസംസ്കാരത്തെക്കുറിച്ചുമുള്ള ഒരു സന്ദേശം കൂടി വായിക്കാം:
''എങ്ങനെ സംസാരിക്കണമെന്നു നമ്മെ പഠിപ്പിക്കുന്ന ഒരു ക്ലാസ് ഇല്ല. എന്നാൽ നമ്മുടെ സംസാരരീതിയിൽ നിന്ന് നമ്മുടെ ക്ലാസ് ഏതെന്നു തിരിച്ചറിയാൻ കഴിയും!"
അതെ! വാട്സാപ്പ് സന്ദേശങ്ങൾ ചെറിയ കാര്യമല്ല!