rrrr

പുരാണകാർട്ടൂണുകളെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കങ്ങളിൽ എഴുതിയത്.ഭാരതീയ സാംസ്‌കാരിക പൈതൃകത്തെ അടിസ്ഥാനമാക്കിയും ഒരുപാട് കാർട്ടൂണു

കൾ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആചാരങ്ങളും കലാരൂപങ്ങളും വടക്കൻ പാട്ടുകളും പഴങ്കഥകളുമൊക്കെ കാർട്ടൂണിൽ വിഷയമായതിന്റെ ഉദാഹരണങ്ങളാണ് ഇത്തവണ. യു.ഡി.എഫിൽ ഘടകകക്ഷികളുടെ അപ്രമാദിത്വം തുടരുന്ന സമയത്ത് 'വിട്ടുവീഴ്ചയെ ദൗർബ്ബല്യമായി കരുതരുത്" എന്ന ചെന്നിത്തലയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി വരച്ച 'വിഷുക്കെണി' എന്ന കാർട്ടൂണിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ ഓടക്കുഴൽ ആയി ഊതുന്ന കെ. എം. മാണിയേയും ഐസ്‌ക്രീമുമായി നിൽക്കുന്ന കുഞ്ഞാലിക്കുട്ടിയേയുമാണ് ചിത്രീകരിച്ചിട്ടുള്ളത്. വോട്ടറെ ബാലറ്റ് പെട്ടിക്കടുത്തേക്ക് കണി കാണിക്കാനായി കണ്ണു മൂടിക്കൊണ്ടു വരുന്ന രാഷ്ട്രീയ നേതാക്കളെയാണ് തിരഞ്ഞെടുപ്പുകാലത്തെ വിഷുക്കാർട്ടൂണിൽ ചിത്രീകരിച്ചത്. മറ്റൊരു തിരഞ്ഞെടുപ്പ്കാല വിഷുക്കാർട്ടൂണിൽ 'കണികാണും നേരം" എന്ന തലക്കെട്ടിൽ പരസ്‌പരം കണ്ണു മൂടുന്ന വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കഥാപാത്രങ്ങളായി വരുന്നു.

കൃസ്ത്യൻ ആചാരങ്ങളുമായി ബന്ധപ്പെട്ട ദുഃഖവെള്ളിയാഴ്ചയും ഉയിർത്തെഴുന്നേൽപ്പുമൊക്കെ കാർട്ടൂണുകളാവാറുണ്ട്. അച്യുതാനന്ദൻ എന്ന കുരിശിനെ ചുമന്ന് നടക്കുന്ന പിണറായി വിജയനും ഇതിലൊന്നും ബന്ധമില്ലാതെ കൈ കഴുകുന്ന പ്രകാശ് കാരാട്ടും കാർട്ടൂണിൽ കഥാപാത്രമായി. പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തല എന്ന കുരിശിനെ ചുമന്നു നടക്കുന്ന ഉമ്മൻ ചാണ്ടിയേയും കാണാം. കുരിശ് ജീവിതത്തിന്റെ ഭാഗമാണ് എന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തിനു പിന്നാലെ ജനത്തിന്റെ കുരിശ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ കുരിശ് കെ. എം. മാണിയും കെ. എം. മാണിയുടെ കുരിശ് പി.സി. ജോർജ്ജും ആയി വിവിധ രാഷ്ട്രീയകുരിശുകളെ ചിത്രീകരിച്ച കാർട്ടൂണും ശ്രദ്ധേയമായിരുന്നു. കഥകളിയും മറ്റ് കലാരൂപങ്ങളുമായി ബന്ധപ്പെട്ട കാർട്ടൂണുകളും ഏറെയാണ്. 2009 ലെ പ്രധാന സംഭവങ്ങൾ നവരസങ്ങളുമായി ബന്ധപ്പെടുത്തി 2009 ഡിസംബർ 27 നു കേരളകൗമുദിയിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കാർട്ടൂൺ ഒരുപാട് ചർച്ചയായി. അച്ചടക്ക നടപടിയിൽ ശാന്തനായിരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ 'ശാന്തം', മുരളീധരനെ യു.ഡി.എഫിലേക്ക് തിരിച്ചെത്തിക്കാനുള്ള കരുണാകരന്റെ 'കരുണം', കണ്ണൂരിൽ പി.ജയരാജനെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച അബ്ദുള്ളക്കുട്ടി എന്ന 'അത്ഭുതക്കുട്ടി'യുടെ 'അത്ഭുതം', പി.ഡി.പി.യുമായി വേദി പങ്കിട്ട പിണറായി വിജയന്റെ 'ശൃംഗാരം', യു.ഡി.എഫിലേക്ക് ചേക്കേറിയ വീരേന്ദ്രകുമാറിന്റെ 'വീരം', ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണനെ പിടിച്ചു കുലുക്കിയ 'എസ്' കത്തി വിവാദം എന്ന 'ഭയാനകം', ഇലക്ഷനിൽ തകർന്നടിഞ്ഞ മൂന്നാം മുന്നണിയുടെ 'ഹാസ്യം', ബി.ജെ.പി യുടെ മേൽ ആർ.എസ്.എസ്. മേൽക്കോയ്‌മ നേടുന്നതിന്റെ 'രൗദ്രം', മുല്ലപ്പെരിയാർ ഭീഷണി ഉയർത്തുന്ന കരുണാനിധിയുടെ 'ബീഭത്സം' എന്നിവയായിരുന്നു കാർട്ടൂണിലെ നവരസങ്ങൾ.

എന്റെ ആരോഗ്യത്തിന്റെ രഹസ്യം യോഗയാണ് എന്നഭിപ്രായപ്പെട്ട മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട യോഗ കാർട്ടൂണിൽ പ്രതിപക്ഷാസനം,കേന്ദ്രകമ്മറ്റിയാസനം,അച്ചടക്ക ലംഘനാസനം,മതികെട്ടാനാസനം,മൂന്നാറാസനം, സ്മാർട്ട് സിറ്റിയാസനം തുടങ്ങി ഭരണാസനം വരെയുള്ള വിവിധ കാർട്ടൂൺ യോഗാരൂപങ്ങൾ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യോഗാചിത്രങ്ങൾ ഇന്റർനെറ്റിലൂടെ വൈറൽ ആയപ്പോൾ അതുമായി ബന്ധപ്പെട്ടു വരച്ച കാർട്ടൂണും ശ്രദ്ധേയമായിരുന്നു. ബുദ്ധിസവുമായി ബന്ധപ്പെട്ടും കാർട്ടൂണുകൾ കാണാം. 'ബുദ്ധം ശരണം, സംഘം ശരണം,ധർമം ശരണം' എന്ന ബുദ്ധിസ്റ്റ് ആശയവുമായും തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായ 'ലജ്ജയിൽ തകർന്ന ബുദ്ധൻ' എന്ന പേരുമായും ബന്ധിപ്പിച്ച് ബംഗാളിലെ ബുദ്ധദേവ് ചിത്രീകരിച്ച് ബംഗാളിലെ രാഷ്ട്രീയാവസ്ഥകളെ മൂന്നു കോളങ്ങളായി അവതരിപ്പിച്ച കാർട്ടൂൺ ശ്രദ്ധേയമായിരുന്നു. ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട ഇന്ത്യൻ റോപ് ട്രിക്ക് തുടങ്ങിയ മാജിക് തിയറികൾ കാർട്ടൂണുകൾ ആവാറുണ്ട്. പതിനാറാം ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നാം പേജിൽ വളരെ ശ്രദ്ധേയമായ രീതിയിൽ വിന്യസിച്ച കാർട്ടൂണിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളേയും ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. ജനം മകുടിയൂതി വലുതാക്കിയ കയറിലൂടെ പാർലമെന്റ് എന്ന സ്വപ്നത്തിലേക്ക് പിടിച്ചു കയറാൻ ശ്രമിക്കുന്ന നേതാക്കളായിരുന്നു കാർട്ടൂണിൽ.

വടക്കൻ പാട്ടുകൾ പലപ്പോഴും കാർട്ടൂണുകൾ ആവാറുണ്ട്. വട്ടിയൂർകാവിൽ നിന്നു ലോകനാർകാവിലേക്ക് പറിച്ചു മാറ്റപ്പെട്ട് തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങാൻ കച്ച കെട്ടിയ മുരളീധരനും 'അരിങ്ങോടർ നീട്ടിയ നീട്ടെനിക്ക് എള്ളോളം തന്നെ മുറിഞ്ഞതുള്ളൂ' എന്ന വിലാപത്തോടെ പണ്ട് വീരാൻ കുട്ടിയുടെ ചതിയിൽ സപെൻഷനിൽ ആകേണ്ടി വന്ന മുരളീധരനുമൊക്കെ കാർട്ടൂണുകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ഇന്ത്യാ അമേരിക്കാ ആണവ കരാർ ഒപ്പിട്ടത് ഒരു വിദ്യാരംഭദിവസമായിരുന്നു. മൻമോഹൻ സിങ്ങിനെ എഴുത്തിനിരുത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് പറയുന്നത് അ,ആ,ഇ,ഈ എന്നാണ്. അത് അമേരിക്കൻ ആണവത്തിനെ ഇന്ത്യ ഈടുവക്കൂ എന്ന വാചകങ്ങളാക്കി വികസിപ്പിക്കുന്ന കാർട്ടൂൺ ഏറെ ശ്രദ്ധേയമായിരുന്നു.

പ്രകൃതി, നാട്, നഗരം, സമൂഹം, കുടുംബം, തെരുവ്, രാഷ്ട്രീയം എന്നിവയിലെല്ലാം കേരളത്തിന് അറുപതു വർഷങ്ങൾ കൊണ്ട് സംഭവിച്ച സാംസ്‌കാരികവും സാമൂഹികവും ആയ മാറ്റങ്ങൾ ചിത്രീകരിച്ച ഒരു കാർട്ടൂൺ കാണാം. കടലിൽ നിന്ന് കേരളത്തെ മഴു എറിഞ്ഞ് വീണ്ടെടുത്ത പരശുരാമനു പകരം മഴുവിനാൽ കേരളത്തെ വെട്ടിപ്പിടിച്ചെടുക്കുന്ന ഭൂമാഫിയയിലേക്കുള്ള മാറ്റം ഈ കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നു. ഒരു വാമനനാൽ ചവിട്ടിത്താഴ്‌ത്തപ്പെട്ട മഹാബലിക്കു പകരം രാഷ്ട്രീയം, മതം, അന്ധവിശ്വാസം, അഴിമതി, വർഗീയത, ലഹരി തുടങ്ങി ഒരുപാട് വാമനന്മാരാൽ ചവിട്ടി താഴ്‌ത്തപ്പെടുന്ന കേരളത്തേയും മുത്തശ്ശിക്കഥകളും കുടുംബാംഗങ്ങളുടെ കൊച്ചു വർത്തമാനങ്ങളും ഒക്കെ നടന്നിരുന്ന സമയത്ത് ഇന്ന് ഒന്നും മിണ്ടാതെ മൊബൈലിൽ മാത്രം നോക്കി തലതാഴ്‌ത്തി ഇരിക്കുന്ന കുടുംബങ്ങളേയും കേരളം അന്നും ഇന്നും എന്ന കാർട്ടൂൺ പരമ്പരയിൽ കാണാം.