
തിരുവാരൂർ : തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തുളസേന്ദ്രപുരം ഗ്രാമത്തിലുള്ളവർ അവിടുത്തെ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജയും വഴിപാടുകളുമായി പ്രാർത്ഥനയിലാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെ വിജയത്തിനായാണ് ഈ പ്രാർത്ഥന. കമലയുടെ കുടുംബവേരുകൾ ഈ ഗ്രാമത്തിലാണുള്ളത്.
പൂജയ്ക്ക് ശേഷം സംഘാടകർ അന്നദാനവും നടത്തി. 200 പേരാണ് ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്തത്. കമലയുടെ ഇഷ്ട ഭക്ഷണമായ ഇഡലിയും സാമ്പാറുമാണ് ക്ഷേത്രത്തിൽ വിതരണം ചെയ്തത്. കമല വൈസ് പ്രസിഡന്റ് ആകുമെന്നും ഇന്ത്യയ്ക്കും തുളസേന്ദ്രപുരം ഗ്രാമത്തിനും അഭിമാനമാകുമെന്നുമാണ് ഗ്രാമവാസികൾ ഉറച്ച് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ കമല ഗ്രാമം സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.

അമേരിക്കയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കമലയുടെ മുത്തച്ഛൻ പി.വി. ഗോപാലന്റെ ജന്മദേശമാണ് തുളസേന്ദ്രപുരം. മാസങ്ങൾക്ക് മുമ്പ് കമലയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ തുളസേന്ദ്രപുരത്ത് കമലയുടെ ചിത്രങ്ങൾ പതിച്ച കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.