മുംബയ്: ടി.ആർ.പി റേറ്റിംഗ് കൂട്ടുന്നതിനായി ബാരോമീറ്റർ ഘടിപ്പിച്ച വീടുകളിൽ പ്രതിമാസം 15 ലക്ഷം രൂപ വീതം വിതരണം ചെയ്യാൻ റിപ്പബ്ലിക് ടി.വി ഏല്പിച്ചിരുന്നതായി താനെയിലെ കേബിൾ ഓപ്പറേറ്റർ കുറ്റസമ്മതം നടത്തിയെന്ന് മുംബയ് ക്രൈംബ്രാഞ്ച്.
താനെയിലെ ക്രിസ്റ്റൽ ബ്രോഡ്കാസ്റ്റിന്റെ ഉടമസ്ഥനായ കേബിൾ ഓപ്പറേറ്റർ ആശിഷ് ചൗധരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് മുംബയ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണിത്.
മാർക്കറ്റിംഗ് കമ്പനിയായ മാക്സ് മീഡിയോ നടത്തുന്ന അഭിഷേക് കൊലവാഡെയെ ചോദ്യം ചെയ്തപ്പോഴാണ് ചൗധരിയെക്കുറിച്ചുളള വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഒക്ടോബർ 28ന് ഇയാളെ അറസ്റ്റ് ചെയ്തു. ഹവാല ഇടപാടുകളിൽ നിന്ന് തനിക്ക് പണം ലഭിച്ചിരുന്നതായി ചൗധരി സമ്മതിച്ചുവെന്നും മാപ്പുസാക്ഷിയാക്കണമെന്ന് അറിയിച്ചതായും അപേക്ഷയിൽ ക്രൈംബ്രാഞ്ച് വിശദീകരിച്ചിട്ടുണ്ട്. ചൗധരിയുടെ താനെയിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
വാവ് മ്യൂസിക് ചാനലിൽ നിന്നും റിപ്പബ്ലിക് ഭാരത് ഹിന്ദി ന്യൂസ് ചാനലിൽ നിന്നും 2017 മുതൽ ജൂലായ് 2020 വരെ പണം സ്വീകരിച്ചതായി അഭിഷേകും സമ്മതിച്ചു.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.7 ലക്ഷം രൂപ പിടിച്ചെടുത്തു.
ടി.ആർ.പി റേറ്റിംഗിൽ കൃത്രിമത്വം കാട്ടിയതുമായി ബന്ധപ്പെട്ട കേസിൽ മാപ്പുസാക്ഷിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ചൗധരി. നേരത്തെ പിടിയിലായ ഉമേഷ് മിശ്രയും മാപ്പുസാക്ഷിയാകാൻ തയ്യാറാണെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.