pak-jets

ഇസ്ളാമാബാദ് : ഇന്ത്യ ഫ്രാൻസിൽ നിന്നും അത്യാധുനിക റഫാൽ വിമാനങ്ങളെ സ്വന്തമാക്കിയപ്പോൾ അതിനെ നേരിടാൻ തങ്ങളുടെ ജെ എഫ് 17 വിമാനങ്ങൾ ധാരാളമെന്ന് വീമ്പിളക്കിയ പാകിസ്ഥാന്റെ വ്യോമസേനയുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ചൈനയിൽ നിന്നും പാകിസ്ഥാൻ സ്വന്തമാക്കിയ ജെ എഫ് 17 വിമാനങ്ങളിൽ പകുതിയും പറത്താൻ പോലുമാവാതെ നിർത്തിയിട്ടിരിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഗുരുതരമായ ഒന്നിലേറെ പിഴവുകളാണ് ഈ വിമാനങ്ങൾക്കുള്ളത്. യുദ്ധസമയത്ത് മുൻനിര ശ്രേണിയിൽ ഉപയോഗിക്കേണ്ട വിമാനങ്ങളാണിവ. വിമാനത്തിന്റെ പ്ലാറ്റ്‌ഫോമിലടക്കം വിള്ളലുകളും പൊട്ടലുകളുമുണ്ട്. ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളെ വിമാനത്തിന് അതിജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിനാൽ തന്നെ ശത്രുക്കൾക്ക് വളരെ എളുപ്പം വിമാനത്തെ കീഴ്‌പ്പെടുത്താൻ കഴിയും. പരിശീലന പറക്കലിലടക്കം വിമാനങ്ങൾ ഉപയോഗിച്ചപ്പോഴാണ് ഈ പിഴവ് വ്യക്തമായത്.

ചൈനീസ് ജറ്റുകളുടെ സാങ്കേതിക പിഴവ് വേറെയുമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനം അപകടകരമായ അവസ്ഥയിലായാൽ പൈലറ്റിന് സുരക്ഷിതമായി നിലത്തിറങ്ങുവാൻ ഉപയോഗിക്കുന്ന സീറ്റുൾപ്പടെ ഇജക്ട്‌ചെയ്യുന്ന സംവിധാനവും ഈ വിമാനങ്ങളിൽ ഫലപ്രദമല്ല. ഇലക്ട്രിക് സിസ്റ്റവുമായി ബന്ധപ്പെട്ട തകരാറുകളാണ് ഇതിന് പ്രധാന കാരണം. പാക് വ്യോമസേനയുടെ രണ്ട് താവളങ്ങളിൽ കേടായ വിമാനങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ആകെ വിമാനങ്ങളുടെ നാൽപ്പത് ശതമാനവും ഇത്തരത്തിൽ പറക്കാനാവാതെ തുരുമ്പെടുക്കുകയാണ്. തീവ്രവാദ പ്രവർത്തനങ്ങളുടെ പ്രഭവസ്ഥാനമെന്ന ദുഷ്‌പേര് ചുമക്കുന്ന പാകിസ്ഥാന് നിലവിൽ ചൈനയല്ലാതെ മറ്റു പ്രധാന രാഷ്ട്രങ്ങളൊന്നും ആയുധം വിൽക്കുവാൻ താത്പര്യം കാണിക്കുന്നില്ല. ഇതും പാകിസ്ഥാന് ചൈനയെ പ്രതിരോധ ആവശ്യങ്ങൾക്ക് കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കുന്നുണ്ട്. അടുത്തിടെ ബംഗ്ലാദേശ് ചൈനയുടെ പക്കൽ നിന്നും വാങ്ങിയ ടാങ്കുകളും കുന്നിൻ പ്രദേശങ്ങളിൽ പ്രവർത്തന ക്ഷമമല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.