ബ്യൂണസ് അയേഴ്സ് : കഴിഞ്ഞ ദിവസം 60-ാം പിറന്നാൾ ആഘോഷിച്ച അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ശാരീരിക -മാനസിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ. പിറന്നാളിന് തൊട്ടുമുമ്പ് അംഗരക്ഷകന് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഡീഗോ ഐസൊലേഷനിലായിരുന്നു. ഇതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.എന്നാൽ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അസുഖത്തെക്കുറിച്ച് ഔദ്യോഗികവിശദീകരണങ്ങൾ ഇല്ലെങ്കിലും കുറച്ചുദിവസമായി ഡീഗോ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായും അദ്ദേഹത്തോട് അടുത്ത ചില വൃത്തങ്ങൾ വെളിപ്പെടുത്തി.ബ്യൂണസ് അയേഴ്സിലെ ആശുപത്രിയിൽ മൂന്ന് ദിവസമെങ്കിലും കഴിയേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. അർജന്റീനിയൻ ക്ളബ് ജിംനേഷ്യ ലാപ്ളാറ്റയുടെ കോച്ചായി ജോലി നോക്കി വരികയായിരുന്നു ഡീഗോ.