ഇസ്ളാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെതിരെ ഗുരുതരമായ ആരോപണവുമായി പാക് മുൻ ബൗളർ സർഫരാസ് നവാസ്. ഇമ്രാൻ ഖാൻ തനിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സമയത്ത് പതിവായി മയക്കുമരുന്നുകൾ ഉപയോഗിക്കുമെന്നാണ് നവാസ് ആരോപിച്ചിരിക്കുന്നത്. പകിസ്ഥാനിലെ ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇമ്രാനെതിരെ കനത്ത ആരോപണം ഉന്നയിച്ചത്.
1970-80 കളിൽ ഇമ്രാൻ ഖാനൊപ്പം പാക് ടീമിൽ സർഫരാസ് നവാസും കളിച്ചിരുന്നു. അക്കാലത്ത് ഒരു ഇംഗ്ലണ്ട് പര്യടനത്തിൽ ഇമ്രാൻ ഖാന് പന്തെറിയാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. പര്യടനത്തിന് ശേഷം തിരികെ പാകിസ്ഥാനിലെത്തിയ ഇമ്രാൻ ഖാൻ സഹ കളിക്കാരുമൊത്ത് തന്റെ വീട്ടിൽ വന്നപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് നേരിട്ട് കണ്ടു എന്നാണ് സർഫരാസ് നവാസ് ആരോപിക്കുന്നത്. ഇമ്രാൻ ഖാനൊപ്പം സലിം മാലിക്, മൊഹ്സിൻ ഖാൻ, അബ്ദുൽ ഖാദിർ എന്നിവരും ഉണ്ടായിരുന്നു. അതിനാൽ തന്നെ താൻ ഈ പറഞ്ഞ സംഭവം ഇമ്രാൻ ഖാന് നിരസിക്കാൻ കഴിയില്ലെന്നും, വേണമെങ്കിൽ അന്ന് അദ്ദേഹത്തിനൊപ്പം വന്ന മറ്റുള്ളവരോട് ചോദിക്കാനും നവാസ് വെല്ലുവിളിക്കുന്നു.
1969 മുതൽ 1984 വരെ പാകിസ്ഥാൻ സർഫറാസ് ടീമിന്റെ ഭാഗമായിരുന്നു. പാകിസ്ഥാന് വേണ്ടി 55 ടെസ്റ്റുകളും 45 ഏകദിനങ്ങളും അദ്ദേഹം കളിച്ചു. 1985ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അദ്ദേഹം പാർലമെന്റിൽ അംഗമായി. അടുത്തിടെ പാക് പ്രധാനമന്ത്രിയ്‌ക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിച്ച് പ്രക്ഷോഭത്തിലാണ്. എന്നാൽ പാക് സൈന്യത്തിന്റെ പിന്തുണയാണ് ഇമ്രാന് തുണയേകുന്നത്.