high-value-diamonds

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ വജ്രങ്ങള്‍ ഖനനം ചെയ്‌തെടുത്ത തൊഴിലാളികള്‍ക്ക് ലേലത്തിലൂടെ ലഭിക്കാന്‍ പോകുന്നത് ലക്ഷങ്ങള്‍. മദ്ധ്യപ്രദേശിലെ പന്നാ ജില്ലയില്‍ നിന്ന് 7.44, 14.98 കാരറ്റ് രണ്ടു വജ്രക്കല്ലുകളാണ് ദിലീപ് മിസ്ത്രി, ലഖന്‍ യാദവ് എന്നിവര്‍ വജ്രം ഖനനം ചെയ്‌തെടുത്തത്. വജ്രക്കല്ലുകള്‍ ലേലം ചെയ്യുന്നതോടെ ഈ തൊഴിലാളികള്‍ സമ്പന്നരായി മാറും.

ഇരു രത്നങ്ങളും ഡയമണ്ട് ഹൗസിനെ ഏല്‍പ്പിച്ചു. ഇത് ലേലം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം തൊഴിലാളികള്‍ക്ക് നല്‍കും. 12.5 ശതമാനം റോയല്‍റ്റി കിഴിച്ചുള്ള തുകയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. 7.44 കാരറ്റ് ഡയമണ്ടിന് ഏകദേശം 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാമത്തെ രത്നത്തിന് ഇതിന്റെ ഇരട്ടി വില ലഭിക്കും. ജരുവപൂരിലെ ഖനിയില്‍ നിന്നാണ് 7.44 കാരറ്റ് വരുന്ന വജ്രം ദിലീപ് മിസ്ത്രി ഖനനം ചെയ്‌തെടുത്തത്. കഴിഞ്ഞ ആറുമാസമായി നാലു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇയാള്‍ വജ്രഖനനം നടത്തുകയായിരുന്നു.

കര്‍ഷകനായ ലഖന്‍ യാദവ് ആദ്യമായാണ് വജ്ര ഖനനം നടത്തുന്നത്. 14.98 കാരറ്റ് വരുന്ന വജ്രം കല്യാണ്‍പൂര്‍ പ്രദേശത്ത് നിന്നാണ് ഇയാള്‍ക്ക് ലഭിച്ചത്. ആദ്യ ഖനനത്തില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. രണ്ടു ഏക്കര്‍ കൃഷിഭൂമിയുള്ള കര്‍ഷകനാണ് ലഖന്‍ യാദവ്. കുട്ടികളുടെ പഠനത്തിന് തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.