തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2019ലെ ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് സംവിധായകൻ ഹരിഹരന്. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എം.ടി വാസുദേവൻ നായർ അദ്ധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്. ചലച്ചിത്ര രംഗത്തെ സംഭാവനകൾ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത ചലച്ചിത്രപുരസ്‌കാരമാണ് ജെ. സി ഡാനിയേൽ അവാർഡ്.
എം. ടിയ‌്ക്ക് പുറമെ, സംവിധായകൻ ഹരികുമാർ, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അരനൂറ്റാണ്ടിലധികം കാലമായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനിൽക്കുന്ന ഹരിഹരൻ, മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവർത്തനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്തുവെന്ന് സമിതി വിലയിരുത്തി.
1965ൽ മദിരാശിയിലത്തെി ഛായാഗ്രാഹകൻ യു.രാജഗോപാലിനൊപ്പം പരിശീലനം നേടിയ ഹരിഹരൻ തുടർന്ന് എം.കൃഷ്ണൻ നായർ, എ.ബി രാജ്, ജെ.ഡി തോട്ടാൻ എന്നിവർക്കൊപ്പം സഹസംവിധായകനായി ഏഴുവർഷക്കാലം പ്രവർത്തിച്ചു. 1972ൽ 'ലേഡീസ് ഹോസ്റ്റൽ' എന്ന ചിത്രം സംവിധാനംചെയ്തു. തുടർന്ന് കോളേജ് ഗേൾ, അയലത്തെ സുന്ദരി, രാജഹംസം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങി 50ൽപ്പരം ചിത്രങ്ങൾ സംവിധാനംചെയ്തു. 1988ൽ സംവിധാനം ചെയ്ത 'ഒരു വടക്കൻ വീരഗാഥ' നാല് ദേശീയ അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കി. 'സർഗം' കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള 1992ലെ ദേശീയ അവാർഡും മികച്ച സംവിധായകനുള്ള അവാർഡ് ഉൾപ്പെടെ മുന്ന് സംസ്ഥാന പുരസ്‌കാരങ്ങളും നേടി. 'പരിണയം' 1995ലെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ നാല് ദേശീയ അവാർഡുകളും നാല് സംസ്ഥാന അവാർഡുകളും നേടി. 'കേരളവർമ്മ പഴശ്ശിരാജ' 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ നാല് ദേശീയ അവാർഡുകളും മികച്ച സംവിധായകനുൾപ്പെടെയുള്ള എട്ട് സംസ്ഥാന അവാർഡുകളും നേടി.
കോഴിക്കോട് പള്ളിപ്പുറം സ്വദേശിയായ ഹരിഹരൻ സ്‌കൂൾ അദ്ധ്യാപകനും ശാസ്ത്രീയ സംഗീതജ്ഞനുമായ എൻ.മാധവൻ നമ്പീശന്റെയും പാർവതി ബ്രാഹ്മണിയമ്മയുടെയും മകനാണ്. പള്ളിപ്പുറം എൽ.പി സ്‌കൂൾ, താമരശ്ശേരി യു.പി സ്‌കൂൾ, താമരശ്ശേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മാവേലിക്കര രവിവർമ്മ പെയിന്റിംഗ് സ്‌കൂൾ, കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ചിത്രരചനയിൽ പരിശീലനം നേടി. ചിത്രകലാ അദ്ധ്യാപകനായി താമരശ്ശേരി ഹൈസ്‌കൂളിലും കോഴിക്കോട് തളി സ്‌കൂളിലും സേവനമനുഷ്ഠിച്ചതിനുശേഷമാണ് സംവിധാനം പഠിക്കാനായി മദിരാശിക്കു വണ്ടി കയറിയത്. ഭവാനിയമ്മയാണ് ഹരിഹരന്റെ പത്നി. മക്കൾ ഡോ.പാർവതി, ഗായത്രി, ആനന്ദ് കിഷോർ.