uefa-

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കായി ഇന്ന് വമ്പൻ ക്ളബുകൾ കളത്തിൽ. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ,മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി, ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവെന്റസ് എന്നീ ക്ളബുകൾ ഇന്ന് ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിനായി ഇറങ്ങും.

ശക്തമായ പോരാട്ടം നടക്കുന്ന ഗ്രൂപ്പ് ജിയിൽ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ബാഴ്സലോണ ഇന്ന് ഉക്രേനിയൻ ക്ളബ് ഡൈനാമോ കീവിനെ നേരിടും.ആറുപോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബാഴ്സലോണ. ആദ്യ മത്സരത്തിൽ ഫെറെങ്ക് വാറോസിനെ 5-1നും രണ്ടാം മത്സരത്തിൽ യുവന്റസിനെ 2-1നുമാണ് ബാഴ്സലോണ തോൽപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ ഡി പോർട്ടീവോ അലാവേസിനോട് 1-1ന് സമനില വഴങ്ങേണ്ടിവന്നത് ബാഴ്സയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സ്വന്തം തട്ടകമായ നൗക്യാംപിലാണ് ബാഴ്സ ഇന്ന് ഇറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ഡൈനമോ കീവിനെ 2-0ത്തിന് തോൽപ്പിച്ചിരുന്ന യുവന്റസ് കഴിഞ്ഞ വാരം ബാഴ്സലോണയോട് തോറ്റതിന്റെ ക്ഷീണം തീർക്കാൻ ഹംഗേറിയൻ ക്ളബ് ഫെറെങ്ക്‌വാറോസിനെതിരെ ഇറങ്ങും. കൊവിഡ് മൂലം ബാഴ്സയ്ക്ക് എതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് ഉൗർജം പകരും.കഴിഞ്ഞ ദിവസം സെരി എയിൽ സ്പേഷ്യയ്ക്ക് എതിരെ പകരക്കാരനായി കളിക്കാനിറങ്ങിയ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകളും നേടിയിരുന്നു. ഗ്രൂപ്പ് ജിയിൽ രണ്ടാം സ്ഥാനത്താണ് യുവന്റസ്. അവസാനസ്ഥാനത്തുള്ള ഫെറെങ്ക്‌വാറോസ് 2-2ന് കഴിഞ്ഞ കളിയിൽ ഡൈനാമോ കീവിനെ സമനിലയിൽ തളച്ചിരുന്നു.

ഗ്രൂപ്പ് ഇയിൽ നാലുപോയിന്റുമായി ഒന്നാമതുള്ള ചെൽസി ഇന്ന് ഫ്രഞ്ച് ക്ളബ് റെന്നിനെ നേരി‌ടും.ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ളബ് സെവിയ്യ റഷ്യൻ ക്ളബ് ക്രാസ്നോദറിനെ നേരിടും.

ഗ്രൂപ്പ് എച്ചിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് തുർക്കി ക്ളബ് ഇസ്താംബുൾ ബസക്‌ഷറിനെയും രണ്ടാതുള്ള പാരീസ് എസ്.ജി ജർമ്മൻ ക്ളബ് ആർ.ബി ലെയ്പസിഗിനെയും നേരിടും.ഗ്രൂപ്പ് എഫിൽ ബൊറൂഷ്യ ഡോർട്ട്മുണ്ട് ക്ളബ് ബ്രൂഗെയെയും ലാസിയോ സെനിത്തിനെയും നേരിടും.

ഇന്നത്തെ മത്സരങ്ങൾ

സെനിത്ത് Vs ലാസിയോ

ഇസ്താംബുൾ Vs മാൻ.യുണൈറ്റഡ്
(രാത്രി 11.25 മുതൽ)

ബാഴ്സലോണ Vs ഡൈനാമോ കീവ്

ചെൽസി Vs റെൻ

ബ്രൂഗെ Vs ബൊറൂഷ്യ

ഫെറെങ്ക്‌വാറോസ് Vs യുവന്റസ്

ലെയ്പ്സിഗ് Vs പാരീസ്

സെവിയ്യ Vs ക്രാസ്നോദർ

(രാത്രി 1.30 മുതൽ)

ടി വി ലൈവ് : ടെൻ ചാനൽ ശൃംഖലയിൽ