ആംസ്റ്റർഡാം: പാലത്തിന്റെ നിയന്ത്രണം തെറ്റി താഴേക്ക് പതിച്ച മെട്രോ ട്രെയിനിനെ രക്ഷിച്ചത് തിമിംഗലത്തിന്റെ വാൽ. സംഭവം അങ്ങ് റോട്ടർ ഡാമിൽ തിങ്കളാഴ്ച അർദ്ധരാത്രിയാണ് നടന്നത്. ഡി ആക്കേഴ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അധിക സമയമാകും മുൻപു തന്നെ മെട്രോ ട്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ട്രെയിൻ ട്രാക്കിന്റെ അറ്റത്തേക്ക് കുതിച്ചയത്തിയെങ്കിലും തിമിംഗലത്തിന്റെ വാൽ പ്രതിമയിൽ തട്ടി നിന്നു. ഡ്രൈവർ മാത്രമാണ് ട്രെയിനിലുണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരില്ലാതിരുന്നത് വൻ ദുരന്തം ഒഴിയാക്കിയെന്നാണ് അധികൃതർ പറയുന്നത്. 2002ൽ സ്ഥാപിച്ച കലാസൃഷ്ടി ഇത്ര വലിയ സംഭവമായതിന്റെ അമ്പരപ്പിലാണ് നാട്ടുകാർ. വാലിനു മുകളിൽ ട്രെയിനിന്റെ നിൽപ്പ് തികച്ചും കാവ്യാത്മകമായി തോന്നുന്നുവെന്നാണ് കലാകാരനായ മാർടെൻ സ്ത്രൂയിജ് പറഞ്ഞത്. പ്രതിമയിൽ നിന്ന് ട്രെയിൻ നീക്കരുതെന്ന് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. എന്നാൽ, അത് കൂടുതൽ അപകടകരമാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.