ഹരിഹരൻ മലയാളസിനിമയിലെ മുഖ്യധാരാ ചിത്രങ്ങളിലും വാണിജ്യ ചിത്രങ്ങളിലും തനത് വ്യക്തിത്വം തെളിയിച്ച സംവിധായകനാണ്...
ഏത് കളത്തിലും ഉൾപ്പെടുത്താവുന്ന സംവിധായകനാണ് ഹരിഹരൻ.കോമഡിയായാലും, വടക്കൻപാട്ട് ചിത്രമായാലും, സംഗീതസാന്ദ്രമായാലും ,ബൗദ്ധിക വിഷയമായാലും സംവിധായകന്റെ കുപ്പായം ഹരിഹരനിൽ ഭദ്രമായിരിക്കും.ചിത്രകലയാണ് ഹരിഹരൻ പഠിച്ചത്. സിനിമയെന്ന കലാരൂപത്തിൽ അത് അദ്ദേഹത്തിലെ സംവിധായകന് ഏറെ ഗുണം ചെയ്തിരിക്കും മലയാള സിനിമയിൽ ഹരിഹരൻ സ്വതന്ത്രസംവിധായകനായിട്ട് അരനൂറ്റാണ്ട് ആകാറാവുന്നു.ഈ വർഷത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് നിസ്സംശയം പറയാം.എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കാൻ ഹരിഹരന് കഴിയുന്നു.വടക്കൻപാട്ട് ചിത്രങ്ങളെ ഹരിഹരനെപ്പോലെ പകിട്ടോടെ ആവിഷ്ക്കരിച്ച സംവിധായകർ വിരളമാണ്ഗുരുനാഥനായ ഡോ.ബാലകൃഷ്ണന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റലാണ് ( 1973 )ഹരിഹരൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. പ്രേംനസീറും ജയഭാരതിയുമായിരുന്നു മുഖ്യവേഷങ്ങളിൽ. ആ ചിത്രം മികച്ച വിജയമായതോടെ ഹരിഹരന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.തുടർന്നുവന്ന അയലത്തെസുന്ദരി ,രാജഹംസം എന്നീ ചിത്രങ്ങളും സൂപ്പർ ഹിറ്റായി.രണ്ടിലും പ്രേംനസീറായിരുന്നു നായകൻ.രാജഹംസത്തിലെ സന്യാസിനി എന്നു തുടങ്ങുന്ന ഗാനം മലയാളികൾ ഇന്നും ആസ്വദിക്കുന്ന ഈണങ്ങളിലൊന്നാണ്.അടുത്ത ചിത്രത്തിൽ മധുവായിരുന്നു നായകൻ.ഭൂമിദേവി പുഷ്പിണിയായി.മികച്ചവിജയമായി. ഇതെല്ലാം 1974 ലാണ്.ആ വർഷം തന്നെ പ്രേംനസീറിനെയും വിധുബാലയെയും നായകനും നായികയുമാക്കി കോളേജ് ഗേൾ എന്നൊരു ചിത്രംകൂടി ചെയ്തു.അതും സൂപ്പർഹിറ്റായതോടെ ഹരിഹരന്റെ മൂല്യം കുതിച്ചുയർന്നു.
1975ന്റെ തുടക്കത്തിൽ പ്രേംനസീർ,ജയഭാരതി ജോടികളെ മുഖ്യകഥാപാത്രങ്ങളാക്കി ഹരിഹരൻ സംവിധാനം ചെയ്ത ബാബുമോൻ കളക്ഷനിൽ റെക്കോഡ് നേടി.1976 ൽ പഞ്ചമി എന്ന ചിത്രത്തിൽ ജയനെ അവതരിപ്പിച്ച ഹരിഹരൻ ശരപഞ്ജരത്തിലൂടെ ജയനെ താരമാക്കി.1979 ഹരിഹരൻ എന്ന സംവിധായകന്റെ ജീവിതത്തിൽ വഴിത്തിരിവായ വർഷമായിരുന്നു.എം.ടി.യുടെ തിരക്കഥയിൽ സംവിധാനം ചെയ്ത ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രം വാണിജ്യ ചിത്രങ്ങളുടെ സംവിധായകൻ എന്ന ലേബലിൽ നിന്ന് മോചനം നൽകി.പിന്നീട് എം.ടി.യുടെ 11 തിരക്കഥകളാണ് ഹരിഹരൻ സംവിധാനം ചെയ്തത്.മലയാളത്തിൽ മറ്റൊരു സംവിധായകനും എം.ടി ഇത്രയും തിരക്കഥകൾ നൽകിയിട്ടില്ല.
ഹരിഹരൻ രചനയും സംവിധാനവും നിർവഹിച്ച സർഗ്ഗം എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു.ചൊവ്വല്ലൂ
കൃഷ്ണൻ കുട്ടിയാണ് സംഭാഷണം രചിച്ചത്. ഹരിഹരന് സംഗീതത്തിലുള്ള അവഗാഹം അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും പാട്ടിന് കൂടുതൽ പ്രാധാന്യം നൽകാനിടയാക്കി.ഏഴാമത്തെ വരവ് ആണ് അവസാനമായി ചെയ്ത ചിത്രം.
മികച്ച ക്രാഫ്റ്റ്സ്മാൻഷാജി.എൻ.കരുൺ
മികച്ച ക്രാഫ്റ്റ്സ്മാൻ ആയ സംവിധായകനാണ് ഹരിഹരനെന്നും അർഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയതെന്നും അദ്ദേഹത്തിന്റെ മികച്ച മൂന്നു ചിത്രങ്ങളായ നഖക്ഷതങ്ങൾ,പഞ്ചാഗ്നി, സർഗ്ഗം എന്നിവയുടെ ഛായാഗ്രഹണം നിർവഹിച്ച ഷാജി എൻ.കരുൺ പറഞ്ഞു.