paneer

വാഷിംഗ്ടൺ: അമേരിക്ക ട്രംപ് ഭരിക്കുമോ ബൈഡൻ ഭരിക്കുമോ എന്നതുമാത്രമല്ല യു.എസിലെ പ്രധാന ചർച്ചാ വിഷയം. പനീർ ടിക്ക ഗ്രേവിയോടെ കിട്ടുമോ ഇല്ലയോ എന്നുള്ളതു കൂടിയാണ്. പ്രമീള ജയപാൽ എന്ന ഇന്തോ അമേരിക്കൻ വനിത ട്വിറ്ററിലിട്ട പോസ്റ്റാണ് ഈ ചർച്ചയ്ക്കു പിന്നിലെ കാരണം. വാഷിംഗ്ടണിൽ താമസിക്കുന്ന പ്രമീള ഡെമോക്രാറ്റിക് പാർട്ടി നേതാവു കൂടിയാണ്. തന്റെ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമലാ ഹാരിസിനോടുള്ള ആദര സൂചകമായി തിരഞ്ഞെടുപ്പിന്റെ തലേദിവസം പനീർ ടിക്ക ചെയ്യാൻ തീരുമാനിച്ചു. പ്രിയപ്പെട്ട ഇന്ത്യൻ വിഭവം ഇഡ്ഡലിയും സാമ്പാറും ടിക്കയുമാണെന്ന് കമല പറഞ്ഞതിനെ തുടർന്നാണ് സ്പെഷ്യൽ കറിയ്ക്കായി പനീർ തന്നെ പ്രമീള തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പു ദിനത്തിന്റെ തലന്ന് അത്താഴത്തിൽ നിർബന്ധമായ കാര്യം സുഖകരമായ ഭക്ഷണം തയ്യാറാക്കുകയാണ്. ഇന്ന് പനീര്‍ ടിക്കയാണ്. തന്റെ പ്രിയപ്പെട്ട ഉത്തരേന്ത്യൻ വിഭവം ഏതു വിധത്തിലുമുള്ള ടിക്കയാണെന്ന് പറഞ്ഞ കമലാ ഹാരിസിനുള്ള ആദരമാണ് ഇത് എന്നായിരുന്നു പ്രമീള ട്വീറ്റിൽ കുറിച്ചത്. വിഭവത്തിന്റെ ചിത്രവും തയാറാക്കുന്ന വിധവും പ്രമീള പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

അതിനു പിന്നാലെ പ്രമീളയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പനീർ ടിക്കയെന്ന പേരിൽ പ്രമീള പങ്കുവച്ച ചിത്രം മലായ് പനീറിന്റെയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ടിക്ക എവിടെയാണ് ഇത്തരത്തിൽ ഗ്രേവിയായി കിട്ടുന്നതെന്ന് ചോദിക്കുന്നവരുമുണ്ട്. അതിനോടൊന്നും പ്രമീള പ്രതികരിച്ചിട്ടില്ല. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഹാഷ് ടാഗുകളിൽ പനീറിനും ഇപ്പോൾ പ്രധാനമായൊരിടമുണ്ട്.