sausage

മോസ്കോ: റഷ്യയിലെ വ്യവസായ പ്രമുഖൻ വ്ളാഡിമർ മർഗോവിനെ അക്രമികൾ അമ്പെയ്ത് കൊലപ്പെടുത്തി. 54 വയസായിരുന്നു. റഷ്യയിലെ സോസേജ് കിംഗ് എന്നാണ് മർഗോവ് അറിയപ്പെടുന്നത്. സ്വകാര്യ എസ്റ്റേറ്റിൽ അവധിയാഘോഷിക്കുന്നതിനിടെയാണ് മർഗോവിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ പെൺസുഹൃത്ത് സബീന ഗസിയേവയുമൊത്ത് സോന ബാത്ത് നടത്തുന്നതിനിടെയാണ് മർഗോവിനു നേരെ ആക്രമണം നടന്നത്. കൈകൾ കെട്ടി ബന്ദിയാക്കി മർഗോവിനോട് കൊലപാതകത്തിനു മുൻപ് അക്രമി പണം ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന പണം അക്രമികൾക്ക് നൽകി. തുടർന്ന് അമ്പെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കൂടെയുണ്ടായിരുന്ന പെൺ സുഹൃത്ത് സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലെത്തി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് എത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോളിലും പുറംഭാഗത്തും വലിയ മുറിവുകളുണ്ടായിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചത്. റഷ്യയിലെ മാംസവ്യാപാര രംഗത്തെ പ്രമുഖനാണ് മർഗോവ്. ഒസിയോർക്കി സോസേജ്, മീറ്റ് എംപയർ സോസേജ് ഫാക്ടറി എന്നിവ മർഗോവിന്റേതാണ്. മർഗോവ് ഒരു വസ്തു തർക്കത്തിൽ ഉൾപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മർഗോവിന്റെ മകൻ അലക്സാണ്ടർ ഒരു വാഹനാപകടത്തിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു.