parvathy-madona

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട സിനിമാ മേഖലയില്‍ നിന്ന് വിരലിലെണ്ണാവുന്ന താരങ്ങള്‍ മാത്രമായിരുന്നു പ്രതികരിച്ചത്. പലപ്പോഴും താരസംഘടനയുടെ യോഗത്തിൽ എതിര്‍പ്പുകള്‍ തുറന്ന് പറയാന്‍ താരങ്ങള്‍ തയ്യാറാകുന്നില്ലെന്ന് നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ ഈ അടുത്ത് വിമര്‍ശിച്ചിരുന്നു. പലരും അഭിപ്രായങ്ങള്‍ പറയാത്തത് ഭയം കൊണ്ടാണെന്നും നടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ട് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് 'പ്രതികരിക്കാതിരിക്കുന്നതെന്ന് പറയുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ കൃത്യമായ സന്ദര്‍ഭമുണ്ടാവണം. നടി പറയുന്നു.

അല്ലാതെ ഒരു വീഡിയോയിലൂടെയോ പോസ്റ്റിലൂടെയോ പറഞ്ഞാല്‍ ആളുകള്‍ മനസിലാക്കണമെന്നില്ല. അത് വലിയ റിസ്‌ക്കാണ്. നിലവില്‍ ഞാന്‍ എനിക്ക് ലഭിക്കുന്ന റോളുകള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുമ്പോള്‍ അതെന്റെ അഭിനയത്തെ നെഗറ്റീവായി ബാധിക്കുമെന്നും താരം പറഞ്ഞു.

ഒരിക്കലും ഭയമുള്ളത് കൊണ്ടല്ല പ്രതികരിക്കാതിരിക്കുന്നതെന്നും നടി പറയുന്നു. അതേസമയം നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളേയും മഡോണ പുകഴ്ത്തി. ശരിക്കും പാര്‍വതിയെ പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം നമ്മുക്ക് കിട്ടുന്നുണ്ട്, മഡോണ പറഞ്ഞു. ട്രോളന്‍മാരോട് നന്ദിയുണ്ടെന്നും മഡോണ പറഞ്ഞു. താന്‍ നീന്തലിനെ പറ്റി സംസാരിച്ചത് ട്രോളായത് ഗുണമായെന്നാണ് മഡോണ പറയുന്നത്. അതിന് ശേഷം കഥ പറയാനും പരസ്യം ചെയ്യാനും പലരും വിളിച്ചുവെന്നും താരം പറഞ്ഞു.