aa

ലേഡ‌ീസ് ഹോസ്റ്റലിൽനിന്ന് ആരംഭിച്ചതാണ് ഹരിഹരന്റെ ചലച്ചിത്ര സപര്യ.മലയാള സിനിമയുടെ മുറ്റത്ത് ശക്തമായി നിലകൊള്ളുന്നവരാണ് എന്നും ഹരിഹരൻ സിനിമയിലെ നായിക കഥാപാത്രങ്ങൾ. ഹരിഹരന്റെ 15 സിനിമയിൽ ജയഭാരതി നായികയായി അഭിനയിച്ചു. ജയഭാരതിയുടെ അഭിനയജീവിതത്തിൽ ശക്തി പകർന്നവയാണ് ആ നായിക കഥാപാത്രങ്ങൾ. നായകനേക്കാൾ ഒരുപടി മുൻപിൽ നിന്ന പകർന്നാട്ടം. അയലത്തെ സുന്ദരിയും രാജഹംസവും ലൗമാര്യേജും പഞ്ചമിയും ഉദാഹരണങ്ങൾ. അഭിനയജീവിതത്തിലെ ഏറ്റവും പ്രിയ കഥാപാത്രം ഏതെന്ന് ചോദിച്ചാൽ വിധുബാലയുടെ മറുപടി ഹരിഹരൻ സംവിധാനം ചെയ്ത കോളേജ് ഗേൾ എന്നാണ്.കാമ്പും കരുത്തും പകർന്ന പ്രമേയങ്ങൾ സന്നിവേശിപ്പിച്ചതാണ് ഹരിഹരന്റെ സിനിമകൾ.

ഹരിഹരന്റെ അനുരാഗക്കോടതിയിലും പൂച്ചസന്യാസിയിലും അഭിനയിച്ച മാധവിക്ക് അഭിനയജീവിതത്തിൽ എന്നും ഒാർമിക്കുന്ന കഥാപാത്രം ആണ് ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ച. പഞ്ചാഗ്നിയിലെ ഇന്ദിര (ഗീത ) , നഖക്ഷതങ്ങളിലെ ഗൗരി( മോനിഷ), അമൃതംഗമയിലെ ഭാനു((ഗീത ), ആരണക്യത്തിലെ അമ്മിണി (സലീമ ), സർഗത്തിലെ തങ്കമണി (രംഭ ), എങ്ങനെ എത്രയെത്ര നായിക കഥാപാത്രങ്ങൾ. പരിണയത്തിലെ ഉണ്ണിമായ അന്തർജന ( മോഹിനി ) ത്തിന്റെ തേങ്ങൽ പൊതുസമൂഹത്തിനു നേരേയായിരുന്നു. ആ ചിത്രത്തിൽ മോഹിനിയെ കണ്ടില്ലെന്ന് പറഞ്ഞവരുണ്ട്. ജാനകിക്കുട്ടി ( ജോമോൾ )യും കുഞ്ഞാത്തോലും ( ചഞ്ചൽ ) സൗഹൃദം തുടരുകയാണെന്ന് കരുതുന്നവരുണ്ട് ഇപ്പോഴും. പഴശ്ശിരാജയിലെ കൈതേരി മാക്കം ( കനിഹ ) എന്ന കഥാപാത്രത്തിലും കണ്ടു പെൺകരുത്തിന്റെ ശക്തിയും ശോഭയും.പ്രമേയങ്ങൾ തിരഞ്ഞെടുക്കന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. സിനിമയിൽ നായിക കഥാപാത്രങ്ങൾ തരുന്ന സംഭാവന വിലമതിക്കാൻ കഴിയില്ല. അവർക്ക് കരുത്തുണ്ടാവണം. എന്നും എന്റെ നായിക കഥാപാത്രങ്ങൾ ഒാർമിക്കപ്പെടും. ഹരിഹരൻ ഒരിക്കൽ പറഞ്ഞു.ആ വാക്കുകൾ സത്യമാണ്.