കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഐറ ഖാൻ തന്റെ ജീവിതത്തിൽ നേരിട്ട ദുരഃനുഭവത്തെ പറ്റി തുറന്നു പറഞ്ഞത്. കുഞ്ഞുനാളിൽ താൻ നേരിട്ട ആ ദുരഃനുഭവം തന്നെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടതിനെ പറ്റിയും ഐറ വെളിപ്പെടുത്തൽ നടത്തി. എന്നാൽ പിന്തുണയ്ക്കുന്നതിന് പകരം ഒരു കൂട്ടം ' സൈബർ സദാചാരവാദികൾ' ഐറയ്ക്ക് നേരെ മോശം കമന്റുകളും പരിഹാസ റിയാക്ഷനുകളുമാണ് തൊടുത്തുവിട്ടത്.
സമൂഹത്തിന്റെ ഇത്തരം പ്രവണതകളെ നിർഭാഗ്യമെന്നാണോ അതോ വിവരമില്ലായ്മ എന്നാണോ പറയേണ്ടത്? ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന സ്ത്രീകൾക്ക് നേരെ യാതൊരു ഉളുപ്പുമില്ലാതെ വിമർശനം നടത്തുന്ന അതേ 'സൈബർ ആങ്ങളമാർ' (സൈബർ പെങ്ങൾമാരും കുറവല്ല) തന്നെയാണ് താൻ നേരിട്ട ദുരനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെ സമൂഹത്തോട് തുറന്നു പറയാൻ ധൈര്യം കാണിച്ച ഐറാ ഖാനെതിരെ തിരിഞ്ഞത്.
തന്റെ പതിനാലാം വയസിൽ താൻ ലൈംഗിക ചൂഷണം നേരിട്ടെന്നും അത് തന്നെ വിഷാദ രോഗിയാക്കിയെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഐറ നടത്തിയിരിക്കുന്നത്. അയാൾ മനഃപൂർവമാണോ അത് ചെയ്തതെന്ന് മനസിലാക്കാൻ തനിക്ക് സംഭവം നടന്ന് പിന്നെയും ഒരു വർഷം വേണ്ടി വന്നെന്നും മനസിലാക്കിയ ഉടൻ ഇക്കാര്യം തന്റെ മാതാപിതാക്കളെ അറിയിച്ചുവെന്നും ഐറ പറയുന്നു.
അങ്ങനെ ആ സാഹചര്യത്തിൽ നിന്നും തനിക്ക് പുറത്തു കടക്കാൻ എനിക്ക് കഴിഞ്ഞെന്നും പിന്നീട് തന്റെയുള്ളിൽ മുറിവുകളൊന്നും അവശേഷിപ്പിച്ചില്ലെന്നും ഐറ വ്യക്തമാക്കുന്നു.വളരെ ചെറുതായിരിക്കുമ്പോൾ ഒരു മനുഷ്യന്റെ മനസിലുണ്ടാകുന്ന വിള്ളലുകൾ ജീവിതകാലം മുഴുവൻ ഒരു കരിനിഴൽ പോലെ മനസിനെ വേട്ടയാടും.
അത് തന്നെയാണ് ഐറയെ ഒരിക്കൽ വിഷാദത്തിലേക്ക് നയിച്ചത്. സർവ സുഖങ്ങളുടെയും നടുവിൽ ജീവിക്കുന്ന താരപുത്രിയ്ക്ക് എന്തിനാണ് വിഷാദമെന്നായിരുന്നു തനിക്ക് വിഷാദമുണ്ടായിരുന്നുവെന്ന് ഐറ ആദ്യം തുറന്നു പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിലൂടെ 'ചിലർ' ചോദിച്ചത്.
ഐറയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തിയെങ്കിലും ഡെറ്റോൾ കൊല്ലാതെ വിടുന്ന ഒരു ശതമാനം കീടാണു എന്ന പോലെ വളരെ മോശം ഭാഷയിലുള്ള കമന്റുകളും പരിഹാസങ്ങളും ഐറയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ നിറഞ്ഞിരുന്നു. 'വിഷാദമെന്ന്' പറയുന്നത് ട്രെൻഡ് ആയി മാറിയെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ മോശം കമന്റുകൾ താൻ നീക്കം ചെയ്യുമെന്നും ആവർത്തിക്കുകയാണെങ്കിൽ അത്തരക്കാരെ സോഷ്യൽ മീഡിയയിൽ നിന്നും ബ്ലോക്ക് ചെയ്യുമെന്നായിരുന്നു ഐറ മറുപടി നൽകിയത്.
എല്ലാവരും മനുഷ്യരാണ് സെലിബ്രിറ്റിയായാലും സാധാരണക്കാരായാലും മനസാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്. ആ മനസിനുണ്ടാകുന്ന ചലനം നേരെയാക്കാൻ സാധിച്ചില്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോകും. അതൊഴിവാക്കാൻ ആരോടെങ്കിലും തുറന്ന് പറഞ്ഞ് മനസിലെ ഭാരം ഇറക്കി വയ്ക്കേണ്ടത് അനിവാര്യമാണ്. ഐറാ ഖാനും അത് തന്നെയാണ് ചെയ്തത്. എന്നാൽ ഇപ്പോഴും അതൊക്കെ തമാശയായി കണ്ട് വിമർശിക്കുന്നവർക്ക് കുറവില്ല.
ബോളിവുഡ് യുവനടൻ സുശാന്ത് സിംഗ് രജ്പുത്ത് വിഷാദത്തിനടിമയായിരുന്നു. ആ വിഷാദം സുശാന്തിനെ മരണത്തിലേക്ക് നയിച്ചു. സുശാന്ത് ലോകത്ത് നിന്നും വിടപറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിലുടെനീളം കാണാമായിരുന്നു 'എന്തുണ്ടെങ്കിലും തുറന്നു പറയൂ' എന്ന വാക്കുകൾ. മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നത് ആരായാലും അത് മറ്റുള്ളവരോട് മനസുതുറക്കണമെന്നും എല്ലാവരും നിങ്ങൾക്കൊപ്പമുണ്ടാകുമെന്നുമൊക്കെ പലരും പറഞ്ഞു.
എന്നാൽ, ഐറയും തന്റെ മാനസിക സംഘർഷങ്ങൾ തുറന്നു പറയുകയാണ് ചെയ്തത്. പക്ഷേ, എന്തുകൊണ്ടാണ് ഐറയ്ക്ക് നേരെ ചിലർ അശ്ലീല ചുവയുള്ളതും മോശവുമായ പരാമർശങ്ങൾ നടത്തുന്നത്? ലൈംഗികാതിക്രമണം നേരിടുന്ന ഒരു സ്ത്രീ അത് തുറന്ന് പറയാൻ പാടില്ലെന്നാണോ?
സെലിബ്രിറ്റിയായാലും താൻ നേരിട്ട ലൈംഗിക അതിക്രമം ഒരു സ്ത്രീ തുറന്നു പറയുമ്പോൾ അവരെ പിന്തുണയ്ക്കുന്നതിന് പകരം മോശം രീതിയിൽ ചിത്രീകരിക്കുന്നതിന്റെ തെളിവാണ് ഐറയുടെ പോസ്റ്റിന് നേരെ സോഷ്യൽ മീഡിയയിൽ വന്ന ചില കമന്റുകൾ. നമ്മുടെ രാജ്യത്ത് ഓരോ പീഡന വാർത്തകൾ കേൾക്കുമ്പോഴും 'പ്രതിയെ തൂക്കിക്കൊല്ലണം' എന്ന ആക്രോശിക്കുന്ന അതേ സമൂഹം തന്നെയാണല്ലോ ' താൻ ലൈംഗികാതിക്രമണം നേരിട്ടു ' എന്ന് തുറന്ന് പറഞ്ഞ ഐറാ ഖാനെതിരെ മോശം പരാമർശം നടത്തുന്നത് തികച്ചും വിരോധാഭാസം തന്നെ!