amithabh-bachan

മുംബയ്: ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അമിതാഭ് ബച്ചനും

'കോൻ ബനേഗ ക്രോർപതി" ടി.വി ഷോയുടെ അണിയറക്കാർക്കുമെതിരെ മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ നൽകിയ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത കരംവീർ സ്‌പെഷ്യൽ എപ്പിസോഡിൽ മനുസ്മൃതിയെക്കുറിച്ചുള്ള ചോദ്യത്തിന്റെ പേരിൽ അമിതാഭ് ബച്ചനും സോണി എന്റർടെയ്ൻമെന്റ് ടെലിവിഷനുമെതിരെ നടപടി ആവശ്യപ്പെട്ടാണ് അഭിമന്യൂ പവാർ എം.എൽ.എ പരാതി നൽകിയത്.

ആക്ടിവിസ്റ്റ് ബെസ്വാദ വിൽസൺ, നടൻ അനൂപ് സോനി എന്നിവർ പങ്കെടുത്ത എപ്പിസോഡിൽ, 1927 ഡിസംബർ 25ന് ഡോ .ബി.ആർ.ആംബേദ്കറും അനുയായികളും ചേർന്ന് അഗ്നിക്കിരയാക്കിയ വിശുദ്ധപുസ്തകം ഏതാണെന്നായിരുന്നു ചോദ്യം. വിഷ്ണു പുരാണം, ഭഗവത്ഗീത, ഋഗ്വേദം, മനുസ്മൃതി എന്നീ ഓപ്ഷനുകളും നൽകിയിരുന്നു.
മത്സരാർത്ഥികൾ ഉത്തരം നൽകിയ ശേഷം അമിതാഭ് ബച്ചൻ നടത്തിയ പരാമർശവും വിമർശനത്തിന് കാരണമായി.

ഹിന്ദുക്കളെ അപമാനിക്കാനും ഐക്യത്തോടെ ജീവിക്കുന്ന ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കാനും ശ്രമിച്ചതായി ലത്തൂർ എസ്.പിക്ക് നൽകിയ പരാതിയിൽ അഭിമന്യൂ പവാർ ആരോപിച്ചു.