lense

ഫ്ളോറിഡ: പലതരത്തിലുള്ള റോബോട്ടുകളെ കണ്ടിട്ടുണ്ട്. എന്നാൽ, കണ്ണിൽ കോൺടാക്ട് ലെൻസു വച്ചു തരുന്ന അത് ഊരി സുരക്ഷിതമായി മാറ്റിവയ്ക്കുന്ന റോബോട്ടിനെ കണ്ടുപിടിച്ചിരിക്കുകയാണ് ഫ്ളോറിഡയിലെ ക്രെയിഗ് ഹെർഷോഫ്. സെറൽ ലെൻസെന്ന പ്രത്യേക തരം കോൺടാക്ട് ലെൻസാണ് ഹെർഷോഫ് ഉപയോഗിക്കുന്നത്. അത് കണ്ണിൽ വയ്ക്കാനും മാറ്റാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായാണ് ഇത്തരമൊരു കണ്ടെത്തൽ ഹെർഷോഫ് നടത്തിയത്. തന്റെ കണ്ടുപിടിത്തം വൃദ്ധരായവർക്കും അവശർക്കുമെല്ലാം വളരെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറയുന്നു. ശബ്ദത്തിനനുസരിച്ച് മെഷീനിൽ നിന്ന് പുറത്തെത്തുന്ന കുഞ്ഞൻ റോബോട്ട് ലെൻസിനെ കണ്ണിൽ യഥാസ്ഥാനത്ത് വച്ചുതരുന്നു. അതിനായി ഒരു കുഞ്ഞ് ഉപകരണം മേശപ്പുറത്ത് വയ്ക്കുകയേ വേണ്ടു. കക്ഷി അതിനുള്ളിൽ ഒതുങ്ങിയിരുന്നോളും. കൈയിലെ അണുബാധ പടരുമെന്നോ കണ്ണ് മുറിയുമെന്നോ ഉള്ള ടെൻഷനുകളും ഒഴിവാക്കാം. അത്രയും പെർഫക്ഷനോടു കൂടിയാണ് കുഞ്ഞൻ റോബോട്ട് കാര്യങ്ങൾ നടത്തുന്നത്. ക്ളെയ്‌ര ലെൻസ് റോബോട്ട് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ക്ളിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിരിക്കുകയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്രട്രേഷൻ. പരീക്ഷണങ്ങൾ കഴിഞ്ഞാലുടൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹെർഷോഫ്.