cro

ഫ്ളോറിഡ: വിരുന്നുകാരെത്തുകയെന്നാൽ ഒരു പ്രത്യേക സന്തോഷമാണ്. എന്നാൽ, അതിഥികളായി ചീങ്കണ്ണിയും പാമ്പുമൊക്കെ വന്നാലോ. അന്തം വീട്ട് ഓടും എന്നാണെങ്കിൽ ഫ്ളോറിഡക്കാർ അങ്ങനെയല്ല. അവർക്ക് ഇതൊക്കെ സ്ഥിരം കാഴ്ച മാത്രം. കഴിഞ്ഞ ദിവസം രണ്ട് അതിഥികളെത്തിയ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഗോൾഫ് മൈതാനത്തു കൂടി നടന്നു പോകുന്ന ചീങ്കണ്ണിയെയാണ് ഗോൾഫ് ക്ളബ് അധികൃതർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. വലിയ ചീങ്കണ്ണി ഗോൾഫിനായി ഒരുക്കിയിട്ടിരിക്കുന്ന പുൽത്തകിടിയിലൂടെ പോകുന്ന 44 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ചീണ്ണങ്കി മുറിച്ചു കടക്കുന്നു ഇവിടെ വിരസമായ സമയമില്ല എന്ന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഫ്ളോറിഡയിൽ ഇതൊരു സാധാരണ ദിവസം മാത്രമാണെന്നുമാണ് പോസ്റ്റിനു താഴെയെത്തിയ കമന്റുകൾ.

കാറിൽ വിരുന്നെത്തിയ പെരുമ്പാമ്പിന്റെ വീഡിയോ ഉടമ തന്നെയാണ് പങ്കുവച്ചത്. എൻജിൻ തകരാറുണ്ട് എന്ന് കാണിക്കുന്ന ലൈറ്റ് തെളിഞ്ഞപ്പോൾ സർവീസ് സെന്ററിൽ വണ്ടി എത്തിച്ചതാണ് ഉടമ. സർവീസ് സെന്ററിലെ ജീവക്കാർ ബോണറ്റ് ഉയർത്തി പരിശോധിച്ചപ്പോൾ എൻജിനോട് ചുറ്റിപിണഞ്ഞു കിടക്കുന്നു 10 അടിയോളം വലിപ്പമുള്ള പെരുപാമ്പ്. ഉടനെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ ലൈഫ് കൺസെർവഷൻ കമ്മീഷനെ വിവരം അറിയിച്ചു. അവർ വന്ന നീളൻ വിരുന്നുകാരനെ പുറത്തെടുത്തു. 'ആരും പാമ്പിനെ ശല്യപ്പെടുത്തരുത്. എൻജിന്റെ തകരാർ ശരിയാക്കാൻ കയറിയതാണ് കക്ഷിയെന്നായിരുന്നു ഇതിനു കിട്ടിയ കിടിലൻ കമന്റ്.