തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകവും ശോഭാ സുരേന്ദ്രനും തമ്മിലുള്ള പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ആർ.എസ്.എസ്. ബി.ജെ.പിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യം ആര്‍.എസ്.എസിനില്ലെന്നും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ബി.ജെ.പിക്ക് അദ്ധ്യക്ഷനടക്കമുള്ള ആളുകളുണ്ടെന്നും പ്രാന്ത കാര്യവാഹക് പി.ഗോപാലന്‍കുട്ടി പറഞ്ഞു. ആര്‍.എസ്.എസ് ബി.ജെ.പിയുടെ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് പരസ്യമായതിന് പിന്നാലെയാണ് ഗോപാലന്‍ ആര്‍.എസ്.എസിന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തത്കാലം ഇടപെടാനില്ലെന്ന് കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്ന് പ്രശ്ന പരിഹാരത്തിനായി ആർ.എസ്.എസ് ഇടപെടുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് പി.ഗോപാലന്‍കുട്ടിയുടെ പ്രതികരണം. ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യപ്പോരിനിറങ്ങിയതിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുതന്നെ പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വം നൽകിയ നിർദേശം.