babyy

ന്യൂയോർക്ക്: വിവാഹമോചിതനായ ഭർത്താവ് മുൻ ഭാര്യയെ ഏൽപ്പിക്കാൻ കൊണ്ടുവന്ന കുട്ടി മാറിപ്പോയി. ന്യൂയോർക്കിലെ ഒരു നഗരത്തിലാണ് സംഭവം. ഇതിനെ തുടർന്ന് കുട്ടിയുടെ കസ്റ്റഡി എഗ്രിമെന്റിൽ നിന്ന് മുൻ ഭർത്താവിന്റെ പേര് മാറ്റണമെന്ന പരാതിയുമായി യുവതി രംഗത്തെത്തി. 16 മാസം പ്രായമുള്ള കുഞ്ഞിന് അച്ഛന്റെയും അമ്മയുടെയും അടുത്ത് തുല്യ ദിവസങ്ങളിൽ നിറുത്താനായിരുന്നു കോടതി നിർദ്ദേശിച്ചത്. ഇതിനെ തുടർന്ന് കുഞ്ഞിനെയും കൊണ്ട് വന്നതായിരുന്നു മുൻ ഭർത്താവ്. ജോലിയിലായിരുന്ന യുവതിയെ വിളിച്ച് മകനെ കൊണ്ടുവന്നിട്ടുണ്ടെന്നും കാറിലുണ്ടെന്നും അറിയിച്ചു. ജോലിക്കിടെ മകനെ എടുക്കാനായി എത്തിയ യുവതി കുഞ്ഞിനെ കണ്ട് ഞെട്ടി. തന്റെ മകനു പകരം മറ്റൊരു കുഞ്ഞ് . ഇതോടെ യുവതി ബഹളം വച്ചു. മുൻ ഭർത്താവിന് മറ്റൊരു ബന്ധത്തിൽ ഉള്ള കുഞ്ഞിനെയാണത്രേ ഇവർക്ക് കൊണ്ടുവന്നത്. ഇരു കുഞ്ഞുങ്ങളും തമ്മിൽ ആഴ്ചകളുടെ വ്യത്യാസമേയുള്ളൂ. അതുകാരണം കുഞ്ഞ് മാറിപ്പോയതാണെന്ന ക്ഷമാപണവുമായി മുൻ ഭർത്താവ് എത്തിയെങ്കിലും യുവതി ക്ഷമിക്കാൻ തയാറായില്ല. സ്വന്തം കുഞ്ഞിനെ തിരിച്ചറിയാൻ കഴിയാത്ത ആളെ വിശ്വസിക്കാൻ കഴിയില്ലെന്ന് അവർ പൊലീസിൽ അറിയിച്ചു. യഥാർത്ഥ കുഞ്ഞിനെ യുവതിയെ ഏൽപ്പിച്ച പൊലീസ് മറ്റേ കുട്ടിയെ അതിന്റെ അമ്മയ്ക്ക് കൈമാറി. യുവതിയുടെ പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.