ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് യു.എസിൽ തുടങ്ങി. അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് മുൻതൂക്കമുണ്ടെങ്കിലും റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും കടുത്ത ആത്മവിശ്വാസത്തിലാണ്. രാജ്യത്ത് കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാൻ പുതിയ നേതൃത്വം എന്നായിരുന്നു ബൈഡന്റെ പ്രചാരണം. നമ്മൾ വീണ്ടും വിജയിക്കുമെന്നാണ് ട്രംപ് പറയുന്നത്. തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിംഗ് സമയവും ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാകും. കിഴക്കൻ സംസ്ഥാനങ്ങളായ ന്യൂയോർക്ക്, ന്യൂജഴ്സി, വെർജീനിയ, കണക്ടിക്കട്ട് എന്നിവിടങ്ങളിൽ പ്രാദേശിക സമയം പുലർച്ചെ ആറിനുതന്നെ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പിന് ശേഷം സംഘർഷ സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഔദ്യോഗികമായി ഇന്നലെയാണ് നടന്നതെങ്കിലും അമേരിക്കയിലെ പത്തു കോടിയിലധികം പേര് ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. കൊവിഡ് വ്യാപനം തടയാൻ മെയിൽ - ഇൻ വോട്ടിംഗ് സംവിധാനമാണ് വോട്ടർമാർ പ്രയോജനപ്പെടുത്തിയത്. 2016 ലെ തിരഞ്ഞെടുപ്പിനെക്കാൾ പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ എണ്ണം കൂടിയതിനാല്‍ വോട്ടെണ്ണുന്നതിലും കാലതാമസമുണ്ടാകും.