അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 56ാം മത്സരത്തിൽ മുംബയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് സൺറെെസേഴ്സ് ഹൈദരാബാദ്. ടോസ് നേടിയ ഹെെദരാബാദ് ടീം ക്യാപ്ടൻ ഡേവിഡ് വാർണർ മുംബയെ ബാറ്റിംഗിനിറക്കുകയായിരുന്നു.
മുംബയ് ഇന്ത്യൻസിനെ നയിക്കാൻ ടീം ക്യാപ്ടനായി രോഹിത് ശർമ്മ തിരികെയെത്തിയതാണ് ടീമിന് ഏറെ പ്രതീക്ഷ നൽകുന്നത്. കളിയ്ക്കിടെ പരുക്ക് പറ്റിയതിനെ തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന രോഹിത് ശർമ ഇന്ന് കളത്തിലിറങ്ങും. ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര എന്നിവർക്കു പകരം ധവാൽ കുൽക്കർണി, ജെയിംസ് പാറ്റിൻസൻ എന്നിവരും ഇന്നതെ മത്സരത്തിൽ മുംബയ് ടീമിലുണ്ടാകും. ഹൈദരാബാദിനു വേണ്ടി അഭിഷേക് ശർമയ്ക്കു പകരം പ്രിയം ഗാർഗ് കളിക്കും.
ഈ സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറങ്ങുമ്പോൾ നിലവിലെ ചാംപ്യൻമാരായ മുംബയ് ഇന്ത്യൻസ് ഒന്നാം സ്ഥാനം നേടി പ്ലേഓഫിൽ ഇടംപിടിച്ചിരിക്കുകയാണ്. ഒരു മത്സരം മാത്രം ബാക്കിനിൽക്കെ ആറു വിജയങ്ങൾ നേടി 12 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഹെെദരാബാദ്. ഈ മത്സരത്തിൽ കൂടി വിജയിച്ച് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കുകയാണ് ഹെെദരാബാദിന്റെ ലക്ഷ്യം.
ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് മുംബയ് ഇന്ത്യൻസും സൺറെെസേഴ്സ് ഹൈദരാബാദും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബയ് 34 റൺസ് വിജയം നേടിയിരുന്നു.