തുറവൂർ: ദേശീയപാതയിൽ തുറവൂർ സിഗ്നലിന് സമീപം ഗായകൻ വിജയ് യേശുദാസ് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് സുഹൃത്തുമായി എറണാകുളത്തേക്കു പോവുകയായിരുന്നു വിജയ്. തുറവൂർ-തൈക്കാട്ടുശേരി റോഡിൽ നിന്ന് പെട്ടെന്ന് ദേശീയ പാതയ്ക്ക് കുറുകെ കടന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ജംഗ്ഷനിലെ സിഗ്നൽ ആ സമയം ഓഫായിരുന്നു. വിജയ് യേശുദാസിന്റെ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇടിയേറ്റ കാറിനും കേടുപാടുണ്ട്. തുടർന്ന് മറ്റൊരു കാറിൽ വിജയ് യാത്ര തുടർന്നു. ആർക്കും പരിക്കോ പരാതിയോ ഇല്ലാത്തതിനാൽ കേസില്ലെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു.