തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവീസുകളിൽ യാത്രക്കാർ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി. 25 ശതമാനം വരെയാണ് ഇളവ്. നവംബർ 4ന് പ്രാബല്യത്തിൽ വരും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്നതിനാലും ദീർഘദൂര സർവീസുകളിൽ യാത്രക്കാരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലുമാണ് തീരുമാനം.
പുതിയ ഇളവുകൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. യാത്രാനിരക്കിഷ ഇളവ് നൽകാൻ ഡയറക്ടർ ബോർഡ് അനുവാദം നൽകിയിരുന്നു. നിരക്ക് കുറയുന്നതോടെ കൊവിഡ് കാലത്തുണ്ടായ വർധന ഇല്ലാതാകും. കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന എല്ലാ കെ.എസ്.ആർ.ടി.സി സൂപ്പർക്ലാസ് സർവീസുകൾക്കും ഈ ദിവസങ്ങളിൽ നിരക്കിൽ 25 ശതമാനം ഇളവ് ബാധകമാണ്.