തിരുവനന്തപുരം : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോളാർക്കേസിലെ പരാതിക്കാരി ഡി.ജി.പിയ്ക്കും വനിതാ കമ്മിഷനും പരാതി നൽകുകയായിരുന്നു.
ഡി.ജി.പിയ്ക്ക് ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. കഴിഞ്ഞ ദിവസമായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം. 'ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കും. അല്ലെങ്കിൽ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും ' ഇങ്ങനെയായിരുന്നു സോളാർ കേസിലെ പരാതിക്കാരിയെ പേരെടുത്ത് പറയാതെ മുല്ലപ്പള്ളിയുടെ പരാമർശം.
സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ സർക്കാരിനെതിരെയുള്ള വിമർശനം മാത്രമാണ് ഉന്നയിച്ചതെന്നും സ്ത്രീകളെ അക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, ചിലർ പറഞ്ഞത് വളച്ചൊടിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.