ന്യൂഡൽഹി: കരുത്ത് തെളിയിച്ച് ബംഗാൾ ഉൾക്കടലിൽ 24-ാമത് മലബാർ നാവികാഭ്യാസം ആരംഭിച്ചു. ഇന്ത്യ,യു.എസ്, ജപ്പാൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് അഭ്യാസം നടത്തുന്നത്. പത്ത് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ നാവികാഭ്യാസമാണ് ഇത്.
ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി നടത്തുന്ന മലബാർ സംയുക്ത നാവികഭ്യാസത്തിലേക്ക് ഇത്തവണ ആദ്യമായാണ് ആസ്‌ട്രേലിയയെ ഉൾപ്പെടുത്തുന്നത്.
ചൈനീസ് സൈനിക മേധാവിത്വം നിലനിൽക്കുന്ന മേഖലയിൽ കരുത്ത് തെളിയിക്കുകയെന്നതാണ് നാല് നാവികസേനകളുടെ ലക്ഷ്യം. അഭ്യാസത്തിൽ നാവികസേനയുടെ കരുത്ത് തെളിയിക്കുന്ന നൂതന യുദ്ധോപകരണങ്ങളും കപ്പലുകളും ഹെലികോപ്ടറുകളും അണിനിരന്നു.
ഇന്ത്യൻ നാവികസേനയുടെ അഞ്ച് കപ്പലുകളും അന്തർവാഹിനികളും ഇന്നലത്തെ നാവികാഭ്യാസത്തിൽ പങ്കെടുത്തു. യു.എസിന്റെ കപ്പലായ ജോൺ എസ് മക്കെയിൻ, ആസ്‌ട്രേലിയയുടെ കപ്പലായ ബല്ലാറാത്ത് ഫ്രിഗേറ്റ് , ജപ്പാന്റെ യുദ്ധക്കപ്പൽ എന്നിവ സംയുക്ത അഭ്യാസത്തിൽ പങ്കെടുത്തതായി ഇന്ത്യൻ പ്രതിരോധമന്ത്രാലയ വക്താക്കൾ അറിയിച്ചു.
നവംബർ ആറ് വരെയാണ് ആദ്യഘട്ടത്തിലെ സംയുക്ത അഭ്യാസം നടക്കുക.
1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകൾ ഒരുമിച്ച് മലബാർ നാവികാഭ്യാസം എന്ന പേരിൽ സംയുക്ത നാവിക പരിശീലനം ആരംഭിച്ചത്. 2004 മുതൽ മറ്റു ഏഷ്യൻ രാജ്യങ്ങളെയും ഉൾപ്പെടുത്താൻ തീരുമാനമായി.