sports-council

തിരുവനന്തപുരം : പ്രസിഡന്റ് മേഴ്സിക്കുട്ടന്റെ ഔദ്യോഗ വാഹനത്തിൽ സ്വർണക്കടത്ത് നടത്തിയെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണത്തിനെതിരെ കേസ് കൊടുക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ തീരുമാനിച്ചു. സ്വർണക്കടത്തിന് ഒത്താശചെയ്തത് പ്രസിഡന്റിന്റെ പി.എയാണെന്നും സുരേന്ദ്രൻ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു.

ഇന്നലെ ചേർന്ന സ്റ്റാൻഡിംഗ് കമ്മറ്റിയാണ് ആരോപണത്തെ നിയമപരമായി നേരിടാൻ തീരുമാനിച്ചത്. കേസിന് ആവശ്യമായ ചെലവ് കൗൺസിൽ വഹിക്കും. കൗൺസിലിൽ ഒഴിവുള്ള 45ഒാളം തസ്തികകളിലേക്ക് മത്സരപ്പരീക്ഷയും ഇന്റർവ്യൂവും നടത്തി നിയമനം നടത്താനുള്ള ഏജൻസികളെ അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും സ്റ്റാൻഡിംഗ് കമ്മറ്റി തീരുമാനിച്ചു.താത്കാലിക അടിസ്ഥാനത്തിൽ പരിശീലകരായും മറ്റും ജോലി നോക്കുന്നവർക്ക് ഈ നിയമന നടപടിയിൽ ഗ്രേസ്മാർക്ക് നൽകാൻ വ്യവസ്ഥയുണ്ടാക്കും. ഒാഫീസ് ജീവനക്കാരിൽ പത്തുവർഷം തികഞ്ഞ താത്കാലിക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ ഇവരുടെ പെർഫോമൻസ് റിപ്പോർട്ട് സഹിതം സർക്കാരിന് നൽകാനാണ് സ്റ്റാൻഡിംഗ് കമ്മറ്റി തീരുമാനം.

താത്കാലികക്കാരെ വഴിവിട്ട് സ്ഥിരമാക്കാൻ ശ്രമിക്കുന്നുവെന്ന് നേരത്തേ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇതിന്റെ ഉത്തരവാദിത്വം സർക്കാരിനെ ഏൽപ്പിച്ച് കൈകഴുകാനാണ് സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കെ.സുരേന്ദ്രൻ ആരോപണം ഉന്നയിച്ച പ്രസിഡന്റിന്റെ പി.എയെ സ്ഥലം മാറ്റി മുഖം രക്ഷിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.