ചെന്നൈ: അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി പ്രത്യേക പൂജ നടത്തി തമിഴ്നാട്ടിലെ ഒരു ഗ്രാമം. തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി താലൂക്കിലെ തുളസേന്ദ്രപുരം എന്ന ഗ്രാമത്തിലാണ് പ്രത്യേക പൂജകളും വഴിപാടുകളും നടന്നത്. ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു ഒരു വട്ടംപോലും നേരിട്ടുകാണാത്ത കമലയ്ക്കായുള്ള പൂജ. പൂജയ്ക്ക് ശേഷം അന്നദാനവും കമലയുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയും സാമ്പാറും സംഘാടകർ ഒരുക്കിയിരുന്നു. 200 ഓളം പേർ പങ്കെടുത്തു. കമലാ ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ബന്ധുക്കൾ തുളസേന്ദ്രപുരം ഗ്രാമത്തിലും ചെന്നൈയുടെ മറ്റു ഭാഗങ്ങളിലുമായുണ്ട്. കമല വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതറിഞ്ഞപ്പോൾ തന്നെ ഈ ഗ്രാമത്തിൽ കമലയുടെ പോസ്റ്ററുകൾ പതിച്ചിരുന്നു.