pic

തിരുവനന്തപുരം: പ്രതീക്ഷിക്കാതെ വന്ന മഹാമാരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ തന്നെ തലകീഴായി മാറ്റിമറിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാസ്കും സാനിറ്റെെസറും ഉൾപ്പെടെ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി. പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം നടപ്പാക്കുകയും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. പൊതുപരീക്ഷകൾ എഴുതാൻ എത്തുന്ന ഉദ്യോഗാർത്ഥികൾക്കും പ്രത്യേക സൗകര്യങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തി. ഇത്തരത്തിൽ ഒരു പരീക്ഷയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിനിയായ ഗോപിക ഗോപനാണ് പി.എസ്.സി പരീക്ഷ എഴുതാൻ അധികൃതർ ആംബുലൻസിൽ തന്നെ അവസരമൊരുക്കിയത്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് വേണ്ടി ദിവസങ്ങളായി ഗോപിക തയ്യാറെടുത്തുവിരികയായിരുന്നു. പരീക്ഷയ്ക്ക് തൊട്ടുമുമ്പത്തെ ദിവസം ഗോപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും പരീക്ഷ എഴുതാൻ തന്നെയായിരുന്നു ഗോപികയുടെ തീരുമാനം.

പരീക്ഷ സെന്റെറിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിലാണ് കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗാർത്ഥിക്കായി പി.എസ്.സി അധികൃതർ സൗകര്യം ഒരുക്കിയത്. കൊവിഡ് മുന്നിൽ അടിപതറാതെ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ശശിതരൂർ എം.പി ഗോപികയ്ക്ക് ആശംസയറിയിച്ച് രംഗത്തെത്തി.

"പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അഭിലാഷങ്ങൾ നിറവേറ്റാനുമുള്ള അവളുടെ തീരുമാനം പ്രശംസനീയം. എന്റെ മണ്ഡലത്തിലെ ധീരയായ ഗോപികയ്ക്ക് അഭിനന്ദനങ്ങൾ " ശശിതരൂർ ട്വീറ്റ് ചെയ്തു.