മുംബയ്: മഹാരാഷ്ട്രയിൽ മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതിയെ പിടികൂടി പൊലീസ്. യുവതി കല്ല്യാണതട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്റെ വിലയേറിയ വസ്തുക്കളുമായി വധു കടന്നു കളഞ്ഞുവെന്ന നാസിക്കിലെ യോഗേഷ് ഷിര്‍സാത്ത് എന്നയാളുടെ പരാതിയാണ് വിവാഹ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്.
കേസില്‍ അറസ്റ്റിലായ വിജയ അമൃത വിവാഹിതയാണ്. ഇവർക്ക് ഒരു കുട്ടിയും ഉണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതാണ് ഇവര്‍ ഈ റാക്കറ്റിന്റെ ഭാഗമാകാന്‍ കാരണം എന്നാണ് പൊലീസിന് നൽകിയ മൊഴി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ യുവതി മൂന്നുപേരെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വരന്റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച് നാട് വിടുക എന്നതായിരുന്നു പദ്ധതി. യോഗേഷിനെയാണ് അമൃത ആദ്യം വിവാഹം കഴിച്ചത്.
ഇവിടുന്ന് മുങ്ങിയ ഇവര്‍ സന്ദീപ് ഡാര്‍ഡെ എന്നയാളെ കല്ല്യാണം കഴിച്ചു. അതിന് പിന്നാലെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരു വിവാഹം കഴിച്ചു. ഭാര്യയെ കാണാതയതോടെയാണ് യോഗേഷ് പൊലീസില്‍ പരാതിയുമായി എത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമൃതയെ കണ്ടെത്തിയതും കാര്യങ്ങള്‍ പുറത്തായതും.