ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനിടെ ചെെനയ്ക്കെതിരെ തന്ത്രപ്രധാനമായ നിലപാട് കെെകൊണ്ട് ഇന്ത്യ. അടുത്ത മാസം നടക്കുന്ന മലബാര്‍ നാവിക അഭ്യാസത്തിന് യു.എസ്സിനും ജപ്പാനും പുറമേ ഓസ്ട്രേലിയയും പങ്കെടുക്കാൻ ക്ഷണിച്ച് ഇന്ത്യ. ചെെനയുടെ എതിർപ്പ് മറികടന്നാണ് ഇന്ത്യയുടെ നടപടി. ഇതോടെ നാലു രാജ്യങ്ങളും ഉൾപ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവികസേനകൾക്ക് ഒന്നിക്കാനുള്ള അവസരമാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്.
നവംബർ അവസാനം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായാണ് നാവികാഭ്യാസം നടക്കുക. സമുദ്ര മേഖലയിൽ നാലു രാജ്യങ്ങൾ ഒന്നിക്കുന്ന സംയുക്ത നാവികാഭ്യാസം ചൈനയ്ക്ക് മേൽ സമ്മർദമുയർത്തുന്നതാണ്. 2007-ലെ മലബാര്‍ നാവിക അഭ്യാസത്തില്‍ ഓസ്ട്രേലിയ പങ്കെടുത്തതിനെതിരെ ചെെന ശക്തമായ ഏതിർപ്പ് അറിയിച്ചിരുന്നു. അന്നത്തെ യു.പി.എ സഖ്യസര്‍ക്കാരിന്റെ ഭാഗമായിരുന്ന ഇടതുകക്ഷികളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. 2004 ൽ സൂനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായാണ് യു.എസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ഖ്വാദ് സഖ്യം രൂപീകരിച്ചത്. തുടർന്ന് 2007ൽ സഖ്യം പുനഃരുജ്ജീവിപ്പിച്ചു.
ഈ മാസം ആദ്യം ടോക്കിയോയിൽ നടന്ന ഖ്വാദ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഓസ്ട്രേലിയയെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ ചെെനീസ് സേനയുടെ പ്രകോപനം കണക്കിലെടുത്താണ് ചൈനയുടെ എതിർപ്പ് മറികടന്ന് ഓസ്ട്രേലിയയെ ഇന്ത്യ ഉൾപ്പെടുത്തിയത്.ഇന്ത്യയുടെ ക്ഷണത്തിനു കാത്തിരിക്കുകയാണെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വക്താവ് നേരത്തെ അറിയിച്ചിരുന്നു.
മുങ്ങിക്കപ്പലുകളും പോർവിമാനങ്ങളുമെല്ലാം പങ്കെടുക്കുന്നതാണ് മലബാർ നാവിക അഭ്യാസം. 1992 മുതലാണ് യു.എസ്, ഇന്ത്യ നാവികസേനകൾ ഒരുമിച്ച് മലബാർ നാവിക അഭ്യാസം നടത്തിവന്നിരുന്നത്. 2004 മുതൽ മറ്റു ഏഷ്യൻ രാജ്യങ്ങളെയും ഇതിൽ ഉൾപ്പെടുത്താൻ തുടങ്ങി.