മുംബയ് ഇന്ത്യൻസിനെ പത്തുവിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഐ.പി.എൽ പ്ളേ ഓഫിലെത്തി
മുംബയ് ജയിക്കുന്നതും കാത്തിരുന്ന കൊൽക്കത്തയുടെ പ്ളേ ഓഫ് പ്രതീക്ഷകൾ കത്തിയെരിഞ്ഞു.
ഷാർജ : ജയിച്ചേ പറ്റൂ എന്ന മുൾമുനയിൽ ലീഗിലെ അവസാന മത്സരത്തിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് പത്തുവിക്കറ്റിന് പോയിന്റ് പട്ടികയിലെ മുമ്പന്മാരായ മുംബയ് ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് ഐ.പി.എൽ പ്ളേ ഓഫ് റൗണ്ടിലേക്ക് കടന്നപ്പോൾ വീണുടഞ്ഞത് മുംബയ് ജയിച്ചാൽ നാലാമന്മാരായെങ്കിലും പ്ളേഓഫ് കാണാമെന്ന് കരുതി കാത്തിരുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്രതീക്ഷകളാണ്.
ഇന്നലെ സീസണിലെ അവസാന ലീഗ് മത്സരത്തിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസിനെ 149/8 എന്ന സ്കോറിൽ ഒതുക്കിയശേഷം ഒറ്റവിക്കറ്റുപോലും കളയാതെയായിരുന്നു ഡേവിഡ് വാർണറുടെയും കൂട്ടരുടെയും പടയോട്ടം.58പന്തുകളിൽ 85 റൺസ് നേടിയ വാർണറും 45പന്തുകളിൽ 58 റൺസ് നേടിയ വൃദ്ധിമാൻ സാഹയും ചേർന്ന് 17.1 ഓവറിലാണ് 151 റൺസടിച്ചുകൂട്ടിയത്.
ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാമന്മാരാകാനും ഹൈദരാബാദിന് കഴിഞ്ഞു.ബാംഗ്ളൂർ നാലാമതായി.
ഒന്നാമന്മാരായി പ്ളേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞ മുംബയ് ഇന്ത്യൻസിന് നായകൻ രോഹിത്ശർമ്മ തിരിച്ചെത്തിയിട്ടും ബാറ്റിംഗിൽ മികവ് കാട്ടാനായില്ല. ഏഴുപന്തുകൾ നേരിട്ട് നാലുറൺസ് മാത്രം നേടിയ മുംബയ് നായകൻ മൂന്നാം ഓവറിൽ സന്ദീപ് ശർമ്മയുടെ പന്തിൽ ഹൈദരാബാദ് നായകന് ക്യാച്ച് നൽകി മടങ്ങി.തുടർന്ന് ക്വിന്റൺ ഡി കോക്ക് (25),സൂര്യകുമാർ യാദവ് (36),ഇശാൻ കിഷൻ (33) എന്നിവർ നിലയുറപ്പിച്ച് കളിക്കാൻ തുടങ്ങിയെങ്കിലും റൺറേറ്റിൽ വലിയ വർദ്ധനവ് ഉണ്ടായില്ല. അഞ്ചാം ഓവറിലാണ് ഡികോക്ക് പുറത്തായത്.
12-ാം ഓവറിൽ സൂര്യകുമാറിനെയും ക്രുനാൽ പാണ്ഡ്യയെയും (0) പുറത്താക്കിയ ഷഹ്ബാസ് നദീം മുംബയ്‌യെ 81/4 എന്ന നിലയിലാക്കി. തുടർന്ന് സൗരഭ് തിവാരി(1),ഇശാൻ,നഥാൻ കൗട്ടർനിലെ (1) പന്നിവരെക്കൂടി നഷ്ടമായപ്പോൾ 17.2 ഓവറിൽ 116/7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടർന്ന് 25 പന്തുകളിൽ രണ്ട് ഫോറും നാലുസിക്സുമടക്കം 41റൺസടിച്ച പൊള്ളാഡാണ് 149 റൺസിലെത്തിച്ചത്.
പ്ളേ ഓഫ് ഫിക്സ്ചർ
ക്വാളിഫയർ 1
നവംബർ 5 വ്യാഴം
മുംബയ് Vs ഡൽഹി
എലിമിനേറ്റർ
നവംബർ 6 വെള്ളി
ബാംഗ്ളൂർ Vs ഹൈദരാബാദ്
ക്വാളിഫയർ 2
നവംബർ എട്ട് ഞായർ
ക്വാളിഫയർ 1 തോറ്റടീം Vs എലിമിനേറ്റർ വിജയി
ഫൈനൽ
നവംബർ 10 ചൊവ്വ
ക്വാളിഫയർ 1വിജയി Vs ക്വാളിഫയർ 2വിജയി
അഭ്യൂഹങ്ങൾക്ക് അവസാനം,രോഹിത് തിരിച്ചെത്തി
ഐ.പി.എൽ സീസണിനിടെ പരിക്കേറ്റതിനാൽ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്ന മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മ കളിക്കളത്തിലേക്ക് തിരിച്ചെത്തിയതായിരുന്നു ഇന്നലത്തെ മത്സരത്തിന്റെ പ്രത്യേകത. രണ്ട് സൂപ്പർ ഓവറുകൾ നടന്ന പഞ്ചാബ് കിംഗ്സ് ഇലവനെതിരായ മത്സരത്തിന് ശേഷം ആദ്യമായാണ് രോഹിത് കളിക്കാൻ ഇറങ്ങുന്നത്.
കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം ടീമിനാെപ്പം പരിശീലനത്തിനിറങ്ങിയ താരം ഫിറ്റ്നസ് വീണ്ടെടുക്കുന്നതായും പ്ളേ ഓഫിൽ കളിക്കാനിറങ്ങുമെന്നും വാർത്തകൾ വന്നെങ്കിലും ആസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. മതിയായ വിശ്രമം കൂടാതെ രോഹിത് പെട്ടെന്ന് കളിക്കാൻ ഇറങ്ങിയാൽ പരിക്ക് വഷളാകാൻ സാദ്ധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് സെലക്ടർമാർ തീരുമാനമെടുത്തതെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുംബയ് ഇന്ത്യൻസിന് കിരീടം നേടാനായി പ്ളേ ഓഫിൽ താരം പരിക്ക് വകവയ്ക്കാതെ കളിക്കാനിറങ്ങിയാൽ അപകടമാകുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്ളേ ഓഫിന് മുന്നേതന്നെ രോഹിത് ടീമിൽ തിരിച്ചെത്തിയത് പരിക്കിൽ നിന്ന് പൂർണമായും മോചിതനായി എന്ന സൂചനയാണ് നൽകുന്നത്.
രോഹിതിനെ
ഒാസീസിലേക്ക് വിടുമെന്ന് ഗാംഗുലി
രോഹിത് ശർമ്മയെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം സെലക്ടർമാർ ആലോചിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.