ലോസ്ആഞ്ചലസ് : ലോകമെമ്പാടും ഇത്രയധികം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വേറെ കാണില്ല. അമേരിക്കക്കാർ മാത്രമല്ല, ലോകജനതയിൽ ഭൂരിഭാഗം പേരുടെയും വിശ്വാസം ഭൂമിയിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒരാളാണ് അമേരിക്കൻ പ്രസിഡന്റ് എന്നാണ്. ഓരോ വേളയിലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏതെങ്കിലും തരത്തിലെ വിവാദങ്ങൾ തലപൊക്കുന്നതും പതിവാണ്.
ഇത്തവണ ഏറെ സംഭവബഹുലമാണ് കാര്യങ്ങൾ. കൊവിഡ് 19നെ കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇത് തന്നെയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ബൈഡൻ ആയുധമാക്കിയിരിക്കുന്നത്. പ്രചാരണവേളകളിൽ മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വിവേകപൂർണമായ പെരുമാറ്റത്തോടെ ബൈഡൻ സ്വാധീനം നേടിയിരുന്നു. എന്നാൽ ട്രംപ് നേർ വിപരീതമായിരുന്നു.
കൊവിഡിന്റെ ചൈന നിർമിച്ചതാണെന്നും ബൈഡൻ ചൈനീസ് അനുഭാവിയാണെന്നുമൊക്കെ നിരന്തരം പറഞ്ഞ് ബൈഡന്റെ ജനപ്രീതി ട്രംപ് കുറയ്ക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. കൊവിഡും തൊഴിലില്ലായ്മയും അമേരിക്കക്കാരെ അത്രയധികം ബാധിച്ചു. ട്രംപ് അതിൽ നിന്നും അമേരിക്കയെ കരകയറ്റാൻ ഒന്നും ചെയ്യുന്നില്ലെന്ന് ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.
നിലവിൽ ബൈഡൻ തന്നെയാണ് ട്രംപിനേക്കാൾ മുന്നിലെന്നാണ് അഭിപ്രായ സർവേകൾ. 8.4 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ട്രംപിനെ ബൈഡൻ പരാജയപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. ട്രംപിന് 186ഉം ബൈഡന് 352ഉം ഇലക്ട്രൽ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രവചനം. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 270 ഇലക്ട്രൽ വോട്ടാണ്. പ്രചാരണവേളകളിലും ട്രംപും ബൈഡനും ഒരുപോലെ നുണകൾ പറഞ്ഞിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം.
മാദ്ധ്യമങ്ങൾ ഇത് ഫാക്ട് - ചെക്കിന് വിധേയമാക്കുകയും ചെയ്തു. ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ നേതാക്കളുടെ പരാമർശങ്ങൾ വ്യപകമായി വസ്തുതാ പരിശോധനകൾക്ക് വിധേയമാക്കുന്നത്. അമേരിക്കയിലെ വിദ്യാസമ്പന്നർ ആയവരിൽ ഭൂരിഭാഗവും ബൈഡൻ വൈറ്റ് ഹൗസിൽ എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. കറുത്ത വർഗക്കാർക്കെതിരെയുള്ള വിവേചനവും അനിഷ്ട സംഭവങ്ങളും ട്രംപിനെ വിപരീതമായി ബാധിക്കും.
എന്നാൽ തീവ്ര ദേശിയവാദികൾ റിപ്പബ്ലിക്കൻ പാർട്ടിയ്ക്കൊപ്പം നിലകൊള്ളുമെന്നതിൽ സംശയമില്ല. 77 കാരനായ ബൈഡൻ ബറാക് ഒബാമയുടെ കാലത്ത് 8 വർഷം വൈസ് പ്രസിഡന്റായിരുന്ന വ്യക്തിയാണ്. 74 കാരനായ ട്രംപ് ആകട്ടെ ഇംപീച്ച്മെന്റ് നടപടി നേരിട്ട ശേഷം റീ - ഇലക്ഷനിലൂടെ വീണ്ടും ഭരണത്തിലെത്തുന്ന ആദ്യ പ്രസിഡന്റ് എന്ന പദവിയാണ് ലക്ഷ്യമിടുന്നത്.
ട്രംപിന് 2016 ലേതുപോലെ തിളക്കമാർന്ന ഒരു വിജയത്തിന്റെ സാദ്ധ്യത ഏതാണ്ട് മങ്ങിയിരിക്കുകയാണ്. എന്നാൽ അവസാന നിമിഷം നിർണായക സ്റ്റേറ്റുകളിൽ നിന്നുള്ള ജനവിധി മാറിമറിയാനുമിടെയുണ്ട്. അരിസോണ, ഫ്ലോറിഡ, ജോർജിയ, മിഷിഗൺ, നോർത്ത് കാരലീന, ഓഹിയോ, പെൻസിൽവാനിയ സംസ്ഥാനങ്ങളിലെ ഇലക്ട്രൽ വോട്ട് നിർണായകമാകും. 2016ൽ 306 ഇലക്ട്രൽ വോട്ടാണ് ട്രംപിന് ലഭിച്ചത്.