ന്യൂയോർക്ക്: വോട്ടെടുപ്പ് തുടരുന്ന അമേരിക്കയിൽ പോപ്പുലർ വോട്ടിന്റെ ആദ്യ സൂചനകൾ വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ അറിയാം. അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് മുൻതൂക്കമുണ്ടെങ്കിലും റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും കടുത്ത ആത്മവിശ്വാസത്തിലാണ്. രാജ്യത്ത് കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാൻ പുതിയ നേതൃത്വം എന്നായിരുന്നു ബൈഡന്റെ പ്രചാരണം. നമ്മൾ വീണ്ടും വിജയിക്കുമെന്നാണ് ട്രംപ് പറയുന്നത്.
അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്തിന് വ്യത്യാസമുണ്ട്. പോളിംഗ് അവസാനിച്ചതിന് ശേഷമേ ഫലസൂചനകൾ പുറത്തുവരികയുള്ളൂ. കിഴക്കൻ സംസ്ഥാനങ്ങളായ ന്യൂയോർക്ക്, ന്യൂജഴ്‌സി, വെർജീനിയ, കണക്ടിക്കട്ട് എന്നിവിടങ്ങളിൽ പ്രാദേശിക സമയം പുലർച്ചെ ആറിനുതന്നെ വോട്ടെടുപ്പ് തുടങ്ങി. സംഘർഷ സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിച്ചിരുന്നു. അമേരിക്കയിലെ പത്തു കോടിയിലധികം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. കൊവിഡ് വ്യാപനം തടയാൻ മെയിൽ - ഇൻ വോട്ടിംഗ് സംവിധാനമാണ് വോട്ടർമാർ പ്രയോജനപ്പെടുത്തിയത്. ഈ വോട്ടുകൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കും. വോട്ടെടുപ്പ് പൂർത്തിയായി 12-14 മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡ് അറിയാം. അന്തിമ ഫലം പ്രഖ്യാപിക്കാൻ ഒരാഴ്ചയോളം വേണ്ടിവരും. ഇക്കുറി ഒഹയോ, ടെക്സാസ്, ഫ്ളോറിഡ, ജോർജിയ സംസ്ഥാനങ്ങളിലെ വോട്ടുകൾ നിർണായകമാണ്. ട്രംപും ബൈഡനും തമ്മിൽ കടുത്ത മത്സരം നടക്കുന്ന ഇവിടങ്ങളിലെ ഫലസൂചന പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ പ്രധാനമാണ്.