ബംഗളൂരു:വിവാഹത്തിന്റെ പേരിൽ മതപരിവർത്തനം നടത്തുന്നത് നിരോധിക്കുന്നതിനുള്ള നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കർണാടക ടൂറിസം മന്ത്രിയും ബി.ജെ.പി. ജനറൽ സെക്രട്ടറിയുമായ സി.ടി.രവി. സ്ത്രീകളുടെ അഭിമാനത്തിന് പോറലേൽപ്പിച്ചാൽ നിശബ്ദരായിരിക്കാനാവില്ലെന്നും സി.ടി.രവി പറഞ്ഞു.
വിവാഹത്തിന് വേണ്ടിയുളള മതപരിവർത്തനം നിയമവിരുദ്ധമാണെന്ന അലഹാബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. വിവാഹത്തിന്റെ പേരിൽ മതം മാറ്റുന്ന ലൗ ജിഹാദിനെതിരേ നിയമവ്യവസ്ഥകൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി നേരത്തെ മദ്ധ്യപ്രദേശ്, യു.പി., ഹരിയാണ എന്നീ സംസ്ഥാനങ്ങൾ തീരുമാനിച്ചിരുന്നു.
'അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വിവാഹത്തിന് വേണ്ടിയുളള മതപരിവർത്തനം നടത്തുന്നത് കർണാടക നിയമം വഴി നിരോധിക്കും. നമ്മുടെ സഹോദരിമാരുടെ അഭിമാനം ഇല്ലാതാക്കുമ്പോൾ നമുക്ക് നിശബ്ദരായി ഇരിക്കാനാകില്ല.' മന്ത്രി ട്വീറ്റ് ചെയ്തു. മതപരിവർത്തനവുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെട്ടാൽ കഠിന ശിക്ഷ അഭിമുഖീകരിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 31-നാണ് വിവാഹത്തിന് വേണ്ടിയുളള മതപരിവർത്തനം നിയമവരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി വിധിച്ചത്. ഉത്തർപ്രദേശിലെ നവദമ്പതിമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ഹെെക്കോടതി ഉത്തരവ്.