വാഷിംഗ്ടൺ:അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ലോകം. ആരാകും അടുത്ത പ്രസിഡന്റ് എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾ കഴിയുമ്പോൾ ജോ ബെെഡനാണ് ട്രംപിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത്. നേരത്തെ പുറത്തുവന്ന സർവേഫലങ്ങളും ബെെഡന് അനുകൂലമായിരുന്നു.
എന്നാൽ സർവേഫലങ്ങൾ ബെെഡന് അനുകൂലമാകുമ്പോൾ ഓൺലെെൻ പോളുകൾ ഡൊണാൾഡ് ട്രംപിനാണ് മുൻതൂക്കം നൽകുന്നത്. പ്രധാന പോളിംഗ് സംഘടനകൾ നടത്തിയ സർവേയിലാണ് ഡെമോക്രറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബെെഡന് പ്രസിഡന്റ് ട്രംപിനെക്കാൾ എട്ട് പോയിന്റ് വിജയ സാദ്ധ്യത കണ്ടെത്തിയത്. എന്നാൽ ഗൂഗിളിന്റെ തിരഞ്ഞെടുപ്പ് സർവേയിൽ ട്രംപ് വീണ്ടും പ്രസിഡന്റ് ആകുമെന്നാണ് കാണിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പുള്ള ദിവസത്തെ ഗൂഗിളിന്റെ കണക്കുപ്രകാരം 45 ശതമാനം ഇന്റർനെറ്റ് ഉപഭോക്താക്കളും ട്രംപിന് അനുകൂലമായ തിരച്ചിൽ നടത്തി. 23 ശതമാനം പേർ മാത്രമാണ് ബെെഡന് അനുകൂല തിരച്ചിൽ നടത്തിയത്. നിലവിൽ 10 കോടിയോളം വോട്ടർമാർ അവരുടെ സമ്മതിദാനം രേഖപ്പെടുത്തികഴിഞ്ഞു. അമേരിക്കൻ പ്രസിഡൻഷ്യൽ തിരെഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ നാളെ രാവിലെയോടെ വരും. നൂറുവർഷത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് പ്രതീക്ഷിക്കുന്നത്.