വയനാട്: ബാണാസുര വനമേഖലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ട് പേർ പിടിയിൽ. പൊലീസുമായുള്ള വെടിവയ്പിനിടെയാണ് രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റത്. രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്. ഇരുവരും മലയാളികളല്ലെന്നാണ് പുറത്തുവരുന്ന സൂചന.
ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിൽ തണ്ടർ ബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ രാവിലെ വെടിവയ‌്പ് നടന്നിരുന്നു. വെടിയ്പിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിലാകുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് വേൽമുരുകനാണെന്നാണ് പൊലീസ് പറയുന്നത്. വയനാട്, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് കേസുകൾ വേൽമുരുകനെതിരെയുണ്ട്. തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യും.ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം നാളെ പരിശോധന നടത്തും. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി മാദ്ധ്യമങ്ങളെ സ്ഥലത്തേക്ക് കടത്തി വിട്ടേക്കില്ല. വെടിവയ്പിനെ തുടർന്ന് നാളെയും മേഖലയിൽ തിരച്ചിൽ നടത്തും.