വാഷിംഗ്ടൺ: അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പുതിയ അട്ടിമറി ആരോപണവുമായി പ്രതിപക്ഷപാർട്ടികൾ. തിരഞ്ഞെടുപ്പ് ദിനത്തിൽ വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ട് വോട്ടർമാർക്ക് 'റോബോ കോൾ' വരുന്നതായാണ് പരാതി.
തിരഞ്ഞെടുപ്പിന്റെ ആത്മവിശ്വസം ദുർബലപ്പെടുത്താനുള്ള ശ്രമം തുടർന്നേക്കാമെന്നും എന്നാൽ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി തെളിവുകളില്ലെന്നു യു.എസ് തിരഞ്ഞെടുപ്പിന്റെ ആഭ്യന്തര സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥൻ ക്രിസ്റ്റഫർ ക്രെബ്സ് പറഞ്ഞു. ടെലികോം വ്യവസായത്തെ നിരീക്ഷിക്കുന്ന വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ രാജ്യമെമ്പാടും വോട്ടർമാർക്ക് 10 ദശലക്ഷം ഓട്ടോമേറ്റഡ്, സ്പാം കോളുകൾ വന്നതായി പറയപ്പെടുന്നു.
“വീട്ടിൽ തന്നെ സുരക്ഷിതരായി തുടരാനാണ് ” ഫോണിൽ ആവശ്യപ്പെടുന്നത്. ഇതിലൂടെ ആളുകളെ ഭയപ്പെടുത്തി വോട്ടുചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്. ചില നഗരങ്ങളിൽ വന്ന കോളുകളിൽ നാളെയും വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടെന്നുള്ള വ്യാജ സന്ദേശമുണ്ടായിരുന്നു. അതേസമയം കോളുകളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായി ട്രംപ് ഭരണകൂടം പറഞ്ഞു.