തിരുവനന്തപുരം: യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷൻ പി ബിജു(43) അന്തരിച്ചു.രാവിലെ 8.15 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.കൊവിഡിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു.
ഒക്‌ടോബർ 21നാണ് ബിജുവിന് കൊവിഡ് സ്‌ഥിരീകരിച്ചത്.പത്ത് ദിവസത്തിന്‌ശേഷം പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ മൂലം ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഉയർന്ന പ്രമേഹവും രക്‌തസമ്മർദ്ദവും ഉണ്ടായിരുന്നു. കൂടാതെ വൃക്കകൾ തകറാറിലായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ഡയാലിസ് ചെയ്‌തിരുന്നു.
ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തിയത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.പിതാവ്: പ്രഭാകരൻ, മാതാവ്: ചന്ദ്രിക, ഭാര്യ: ഹർഷ, മക്കൾ, നയൻ , വാവക്കുട്ടൻ.
ബിജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി. 'യുവജന നേതാവും ജനങ്ങൾക്കാകെ പ്രിയപ്പെട്ടവനുമായ പി.ബിജുവിന്റെ അകാല വിയോഗം വേദനാജനകമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള സമൂഹത്തിനും വലിയ നഷ്ടമാണ് തീർത്തും ആകസ്മികമായ ആ വേർപാട്'- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
'സഖാവ് പി ബിജുവിന്റെ അകാലത്തിലുള്ള വിയോഗ വാർത്ത നടുക്കമുണർത്തുന്നതും തീർത്തും വേദനാജനകവുമാണ്.'-കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.