തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പരിശോധനയ‌്ക്കായി എൻഫോഴ്‌സ്‌മെന്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ എത്തി. മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള 'കോടിയേരി' എന്ന വീട്ടിലാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കർണാടക പൊലീസും സി ആർ പി എഫും ഇവർക്കൊപ്പമുണ്ട്. നിലവിൽ കോടിയേരി ബാലകൃഷ്‌ണനും കുടുംബവും ഈ വീട്ടിലില്ല. മയക്കുമരുന്ന് കേസിൽ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്ളാറ്റിലേക്ക് മാറുകയായിരുന്നു.
5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതൽ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്റെ രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനാമിയിടപാടുകൾ ബിനീഷ് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ, സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി നടപടിയെടുത്തേക്കും.
റെയ്ഡുണ്ടാവുമെന്ന് വിവരം കിട്ടിയതോടെ, വീടിന് പൊലീസ് സുരക്ഷയൊരുക്കി. ബിനീഷിന്റെ ബിനാമിയാണെന്ന് കണ്ടെത്തിയ അബ്ദുൾ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധനയുണ്ടാവും. ശംഖുംമുഖത്തെ ഓൾഡ് കോഫീ ഹൗസ് റസ്റ്റോറന്റ്, യു.എ.ഇ കോൺസുലേറ്റിലെ വിസാ സ്റ്റാമ്പിംഗ് ഇടപാടുകൾ നടത്തുന്ന യു.എ.എഫ്.എക്സ് സൊല്യൂഷൻസ്, കേശവദാസപുരത്തെ കാർ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളും ബിനീഷിന്റെ ബിനാമി കമ്പനികളാണോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്.
അനധികൃത ഇടപാടുകളിലുള്ള 5.17കോടി, ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്ന് ഇ.ഡി കോടതിയിൽ നൽകിയ റിമാന്റ് റിപ്പോർട്ടിലുണ്ട്. ഇത് ബിനീഷ് ആദായനികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തുപോകുന്നില്ല. ആദായനികുതി വെട്ടിപ്പ് നടത്തിയതിന് ബിനീഷിനെതിരെ പുതിയ കേസെടുത്തേക്കും. ഓരോ വർഷവും സമർപ്പിച്ച റിട്ടേണിൽ ശരാശരി 40ലക്ഷത്തിനു മുകളിൽ വ്യത്യാസമുണ്ടായി. ബാങ്കിടപാടുകളുടെ രേഖകൾ പരിശോധിച്ച് ഇ.ഡി തയ്യാറാക്കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നാലെ, ആദായനികുതി ഉദ്യോഗസ്ഥർ ഇ.ഡി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ബിനീഷ് സ്ഥിരം കുറ്റവാളിയെന്ന് ഇ.ഡി
ബിനീഷ് ലഹരിഉപയോഗിച്ചിരുന്നെന്നും, കേരളത്തിൽ പത്തു കേസുകളും ദുബായിൽ ഒരു കേസുമുള്ള സ്ഥിരം കുറ്റവാളിയാണെന്നും, ലഹരി മരുന്ന് വിൽപ്പനയുണ്ടെന്ന് മൊഴികൾ ലഭിച്ചതായും ഇ.ഡി റിപ്പോർട്ടിലുണ്ട്. ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബിനാമി കമ്പനികൾ തുടങ്ങിയിരുന്നു. ലഹരിമരുന്ന് കേസിൽ പിടിയിലായ അനൂപിന്റെയും കൂട്ടുപ്രതി റിജേഷ് രവീന്ദ്രന്റെയും പേരിലാണ് കമ്പനികൾ.
അഭിഭാഷകൻ ബിനീഷിനെ കണ്ടു
ബംഗളൂരുവിൽ ഇന്നലെ പത്തരയോടെ ചോദ്യംചെയ്യൽ ആരംഭിച്ചതിനു പിന്നാലെ, അഭിഭാഷകർ ബിനീഷിനെ കാണാനെത്തിയെങ്കിലും ഇ.ഡി അനുവദിച്ചില്ല. കൊവിഡ് പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചു. പിന്നീട് ഒരഭിഭാഷകനെ 15മിനിറ്റ് കാണാൻ അനുവദിച്ചു. സംസാരിച്ച കാര്യങ്ങൾ ഇ.ഡി ഉദ്യോഗസ്ഥർ എഴുതിയെടുത്തതായി അഭിഭാഷകൻ പറഞ്ഞു.