തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 7 മാസത്തോളമായി അടച്ചിട്ടിരുന്ന മൃഗശാലയും മ്യൂസിയവും സന്ദർശകർക്കായി തുറന്നുകൊടുത്തു. കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിച്ച് പുതിയ വിരുന്നൊരുക്കിയാണ് മൃഗശാലയും മ്യൂസിയവും തുറന്നത്. കൊവിഡ് ഇടവേളയിൽ ഇവിടെ അനവധി പുതിയ പദ്ധതികൾ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി.
വിസ്‌മയക്കാഴ്‌ചകൾ പകരാൻ നാച്വുറൽ ഹിസ്റ്ററി മ്യൂസിയം
സംസ്ഥാനത്ത് തന്നെ ആദ്യമായി മ്യൂസിയത്തിന്റെ ഭാഗമായി രാജാരവിവർമ്മ ചിത്രങ്ങൾക്കായി പ്രത്യേക ആർട്ട് ഗാലറിയുടെ നിർമ്മാണത്തിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. 6.6 കോടി രൂപ മുടക്കി രാജ്യത്ത് തന്നെ മികച്ച നാച്വുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ സമ്പൂർണ നവീകരണവും നടത്തി. ഇന്ത്യയിലെ 11 നാച്വറൽ ഹിസ്‌റ്ററി മ്യൂസിയങ്ങളിൽ ഏറ്റവും മികച്ചതായി തിരുവനന്തപുരത്തേത് മാറിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻതന്നെ ഇതിന്റെ ഉദ്‌ഘാടനം നിർവഹിക്കുമെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു.
സന്ദർശകർ വരുന്നതിന്റെ ഭാഗമായി മ്യൂസിയത്തിന് ചുറ്റുമുള്ള പൂന്തോട്ടങ്ങളും ഇരിപ്പിടങ്ങളും നവീകരിച്ചിട്ടുണ്ട്. 65 ലക്ഷം രൂപ മുടക്കി ചിത്രശലഭ പാർക്കും സജ്ജീകരിച്ചു. വ്യത്യസ്ത തരത്തിലുള്ള ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. മൃഗങ്ങളെക്കുറിച്ചുള്ള വിശദീകരണ കേന്ദ്രങ്ങളാണ് ഏറ്റവും പുതിയ പദ്ധതി. പക്ഷികളുടെയും ഉരഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും വിശദീകരണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ പുരോഗമിക്കുന്നത്. ഒന്നരക്കോടി രൂപയാണ് ചെലവുള്ള പദ്ധതിയുടെ നിർമ്മാണം അടുത്ത മാസത്തോടെ പൂർത്തിയാകും. മത്സ്യ വൈവിദ്ധ്യത്തിന്റെ കാഴ്ചകളൊരുക്കി പുതിയ അക്വേറിയവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 7 മാസം അടച്ചിട്ടിരുന്നത് മൂലം മ്യൂസിയത്തിനും മൃഗശാലയ്ക്കും 4 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
പുള്ളിപ്പുലിയും കുട്ടിയും കൗതുകമാകും
ഈ വർഷം അവസാനത്തോടെ മൃഗശാലയിലേക്ക് പുതിയ ഒരു ജോടി രാജവെമ്പാലയെയും 2 പന്നിക്കരടിയെയും കൂടുതൽ ഇനം പക്ഷികൾ, ഒരു ജിറാഫ് എന്നിവയെയും എത്തിക്കുമെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. പുതുതായി പെരുമ്പാമ്പ്, വെള്ള മയിലുകൾ, ഒട്ടകപ്പക്ഷി, വർണ കൊക്കുകൾ, ഹിമാലയൻ കരടികൾ, കഴുതപ്പുലികൾ എന്നിവയുമുണ്ട്. മൃഗശാലയിലെ പുള്ളിപുലി പ്രസവിച്ച കുട്ടിയും കാഴ്ചകാർക്ക് കൗതുകമാകും.
ക്രമീകരണങ്ങൾ, നിയന്ത്രണങ്ങൾ
താപനില നോക്കിയശേഷം മാത്രമേ സ്റ്റാഫിനും സന്ദർശകർക്കും പ്രവേശനമുള്ളൂ
ജീവനക്കാർക്ക് കൈയുറകൾ, ഫേസ് ഷീൽഡ് എന്നിവ നൽകിയിട്ടുണ്ട്.
ശാരീരിക അകലം ഉറപ്പാക്കുമ്പോൾ ടിക്കറ്റുകൾ നൽകും.
മൃഗശാലയ്ക്കുള്ളിൽ തിരക്കൊഴിവാക്കൻ ഗാർഡുകൾ ഇടപെടും
കഫറ്റീരിയയും ഫുഡ് കിയോസ്‌കുകളും ഒരാഴ്ചയ്ക്ക് ശേഷമേ തുറക്കൂ
ബെഞ്ചുകൾ, ബാരിക്കേഡുകൾ, ടിക്കറ്റിംഗ് കൗണ്ടർ പരിസരങ്ങൾ
എന്നിവ ഇടവിട്ട സമയങ്ങളിൽ അണുനശീകരണം നടത്തും
മ്യൂസിയത്തിൽ ഒരുസമയം 26 സന്ദർശകരെയും ആർട്ട്
ഗാലറിയിൽ 20 പേർക്കും മാത്രം പ്രവേശനം
മൃഗശാലയ്ക്കുള്ള ടിക്കറ്റുകൾ രാവിലെ 9 മുതൽ വൈകിട്ട് 5.15 വരെ
നേപ്പിയർ മ്യൂസിയം സമയം രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ